പുതിയ യുഗത്തിന് തുടക്കം... നായികയെ പ്രഖ്യാപിച്ച് ഡോണ്‍ ത്രീയുടെ അണിയറപ്രവര്‍ത്തകര്‍
Entertainment
പുതിയ യുഗത്തിന് തുടക്കം... നായികയെ പ്രഖ്യാപിച്ച് ഡോണ്‍ ത്രീയുടെ അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 3:47 pm

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ഡോണ്‍. 1978ല്‍ അമിതാഭ് ബച്ചന്‍ നായകനായെത്തിയ ചിത്രം അന്നത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 2006ല്‍ ഷാരൂഖ് ഖാനെ നായകനാക്കി റീമേക്ക് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തു. നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ചിത്രം സംവിധാനം ചെയ്തത്. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി.

ഷാരൂഖ് ഖാന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ഡോണ്‍ ഫ്രാഞ്ചൈസിലെ ചിത്രങ്ങള്‍. ഡോണിന് മൂന്നാം ഭാഗം സംവിധായകന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഷാരൂഖിന് പകരം രണ്‍വീര്‍ സിങ്ങിനെയാണ് ഫര്‍ഹാന്‍ അക്തര്‍ നായകനായി പ്രഖ്യാപിച്ചത്. ഷാരൂഖ് ആരാധകര്‍ക്ക് നിരാശയായിരുന്നു ഈ വാര്‍ത്ത സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെയും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

എം.എസ്.ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ശ്രദ്ധേയയായ കിയാര അദ്വാനിയാണ് പുതിയ ഡോണ്‍ ഫ്രാഞ്ചൈസിലെ നായിക. ‘കിയാര അദ്വാനിക്ക് ഡോണ്‍ യൂണിവേഴ്‌സിലേക്ക് സ്വാഗതം, പുതിയ യുഗത്തിന്റെ ആരംഭം എന്ന ക്യാപ്ഷനോടെയുള്ള വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ചെയ്തുവെച്ച ഐക്കോണിക് ആയിട്ടുള്ള കഥാപാത്രത്തെ രണ്‍വീര്‍ സിങ് എങ്ങനെ ചെയ്ത് ഫലിപ്പിക്കുമെന്ന ആകാംക്ഷയിലാണ് ബോളിവുഡ് ആരാധകര്‍. ഡോണ്‍ 2 വിന് ശേഷം സംവിധാനരംഗത്തുനിന്ന് വിട്ടുനിന്ന ഫര്‍ഹാന്‍, തിരിച്ചുവരവില്‍ നിരാശപ്പെടുത്തില്ല എന്നാണ് ഡോണ്‍ ഫ്രാഞ്ചൈസിന്റെ ആരാധകര്‍ കരുതുന്നത്. 2025ലാകും ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Don 3 heroine announced