| Tuesday, 7th January 2025, 8:26 pm

മൊത്തത്തില്‍ ഒരു ഷെര്‍ലക്ക് ഹോംസ് ടച്ച്... ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ് ട്രെയ്‌ലറിന്റെ അപ്‌ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. സ്വല്പം കോമഡി ടച്ചുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാകും ഡൊമിനിക് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വ്യത്യസ്തമായ പോസ്റ്ററാണ് ട്രെയ്‌ലര്‍ അപ്‌ഡേറ്റിനെ വ്യത്യസ്തമാക്കുന്നത്. ഡൊമിനിക്ക് എന്ന കഥാപാത്രത്തിന്റെ ഡിറ്റക്ടീവ് ഏജന്‍സിയുടെ പരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകപ്രശസ്ത ഡിറ്റക്ടീവ് കഥാപാത്രമായ ഷെര്‍ലക് ഹോംസിന്റെ ടച്ച് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ജനുവരി എട്ടിന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും.

ഷെര്‍ലക് ഹോംസിന്റെ അഡ്രസ്സായ 22 B ബേക്കര്‍ സ്ട്രീറ്റുമായി സാമ്യമുള്ള അഡ്രസ്സാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം ഡൊമിനിക്കിന്റെ ഡിറ്റക്ടീവ് ഏജന്‍സിയുടെ സര്‍വീസുകളും സ്വല്പം ചിരിയുണര്‍ത്തുന്നുണ്ട്. അണ്ടര്‍ കവര്‍ സര്‍വീസ്, മിസ്സിങ് പേഴ്‌സണ്‍ ഫൈന്‍ഡിങ്, മിസ്സിങ് പ്രോപ്പര്‍ട്ടി ഫൈന്‍ഡിങ്, ലവ് അഫയര്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ സര്‍വീസുകളാണ് ഡൊമിനിക്കിന്റെ ഏജന്‍സി നല്‍കുന്നത്.

ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സിനുണ്ട്. സിലമ്പരസന്‍ നായകനായ വെന്ത് തനിന്തത് കാട് എന്ന ഗ്യാങ്സ്റ്റര്‍ ചിത്രത്തിന് ശേഷം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്.

മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയും ഗോകുലും തമ്മിലുള്ള കോമ്പിനേഷന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവര്‍ക്ക് പുറമെ ലെന, മീനാക്ഷി ഉണ്ണികൃഷ്ണന്‍, വിനീത്, ആദം സാബിക്, സിദ്ദിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകനായ ഡര്‍ബുക ശിവയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഡൊമിനിക്കിലൂടെയാണ്. ജനുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Dominic and The Ladies Purse trailer update out

We use cookies to give you the best possible experience. Learn more