|

കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഡൊമിനിക്കിന്റെ പേഴ്‌സ്

അമര്‍നാഥ് എം.

മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമ, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ അരങ്ങേറ്റം. അനൗണ്‍സ്‌മെന്റ് സമയത്ത് ഒരുപാട് പ്രതീക്ഷകള്‍ ചിത്രത്തിന്റെ മേലെ ഉണ്ടായിരുന്നു. എന്നാല്‍ റിലീസ് അടുക്കുന്ന സമയത്ത് ചിത്രത്തിന് വേണ്ടത്ര പ്രൊമോഷനോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നില്ല. മമ്മൂട്ടിക്കമ്പനി എന്ന പേര് ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയില്‍ ഡൊമിനിക്കിന്റെ ആദ്യ ഷോ തന്നെ കണ്ടു.

ഷെര്‍ലക് ഹോംസ്, വാട്‌സണ്‍ എന്നീ ലോകപ്രശസ്ത കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ തുടക്കം. എന്നാല്‍ ഹോംസിനെയും വാട്‌സണെയും പോല സീരിയസല്ല ഈ സിനിമയിലെ ഡൊമിനിക്കും വിക്കിയും. സ്വല്പം ഹ്യൂമര്‍ ടച്ചുള്ള ഒരു ഡിറ്റക്ടീവാണ് സി.ഐ. ഡൊമിനിക്ക്. അല്ലറ ചില്ലറ കേസുകളും അതിനോടൊപ്പം കുറച്ച് കോമഡിയുമായി പോകുന്ന കഥയില്‍ ഡൊമിനിക്കിന് കിട്ടുന്ന ഒരു ലേഡീസ് പേഴ്‌സില്‍ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറുന്നു.

പേഴ്‌സിന്റെ ഉടമയെ അന്വേഷിച്ച് പോകുന്ന ഡോമിനിക്ക് പിന്നീട് നേരിടുന്ന കേസുകളാണ് സിനിമയുടെ കഥ. വളരെ സിംപിളായി പറഞ്ഞുപോകുന്ന ഒരു കൊച്ചുസിനിമ എന്ന് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സിനെ വിശേഷിപ്പിക്കാം. അവസാന 30 മിനിറ്റില്‍ ഹ്യൂമറെല്ലാം വിട്ട് സീരിയസ് ട്രാക്കിലേക്കും സിനിമ നടക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രധാന ട്വിസ്റ്റ് കുറച്ചുകാലം മുമ്പ് കണ്ട ഒരു തമിഴ് സിനിമയുടെയും മറ്റൊരു കൊറിയന്‍ സിനിമയുമായും സാമ്യമുണ്ടെങ്കിലും ആസ്വാദനത്തെ ബാധിക്കാത്ത രീതിയില്‍ അത് പ്രസന്റ് ചെയ്യാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ലൂപ്പ്‌ഹോള്‍സ് വന്നതും സിനിമയെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഒട്ടും ഹൈ തരാത്ത മൊമന്റില്‍ ഇന്റര്‍വെല്‍ വന്നതും സിനിമയുടെ പോരായ്മയായി തോന്നി.

സി.ഐ. ഡൊമിനിക്ക് എന്ന കഥാപാത്രം മമ്മൂട്ടിയെ സംബന്ധിച്ച് കേക്ക് വാക്ക് എന്ന് തന്നെ പറയാം. സെല്‍ഫ് ട്രോള്‍ അടക്കമുള്ള ചില കോമഡി ഡയലോഗുകള്‍ തിയേറ്ററില്‍ ചിരി പടര്‍ത്തി. ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ ചില ഷേഡുകള്‍ ഡൊമിനിക്കിന് നല്‍കിയതും മികച്ചതായി അനുഭവപ്പെട്ടു. മമ്മൂട്ടിയെ സ്‌റ്റൈലിഷായി അവതരിപ്പിച്ചത് സിനിമയുടെ പോസിറ്റീവുകളില്‍ ഒന്നാണ്.

വിക്കി എന്ന അസിസ്റ്റന്റായി ഗോകുല്‍ സുരേഷും തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. മമ്മൂട്ടി- ഗോകുല്‍ സുരേഷ് കോമ്പോ സിനിമയില്‍ നല്ല രീതിയില്‍ തന്നെ വര്‍ക്ക് ഔട്ടായിട്ടുണ്ട്. ഗഗനചാരിയിലേത് പോലെ കുറച്ച് ഫണ്ണിയായിട്ടുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് ഗോകുല്‍ ഡൊമിനിക്കിലൂടെ വീണ്ടും തെളിയിച്ചു എന്ന് തന്നെ പറയാം.

നന്ദിതയായി എത്തിയ സുഷ്മിത ഭട്ടും മികച്ചുനിന്നു. ഗൗതം മേനോന്‍ സിനിമകളില്‍ നായികയെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന രീതി ഈ സിനിമയിലും നന്നായി വന്നിട്ടുണ്ട്. മലയാളം ഡയലോഗുകള്‍ പറയുമ്പോള്‍ ലിപ് സിങ്കില്‍ വരുന്ന പ്രശ്‌നം മാത്രം ചെറിയൊരു കല്ലുകടിയായി തോന്നി.

വിനീത്, സിദ്ദിഖ് എന്നിവര്‍ കുറച്ചുസമയം മാത്രമേ ഉള്ളൂവെങ്കിലും മികച്ച പെര്‍ഫോമന്‍സായിരുന്നു. വിജി വെങ്കടേഷ്, ലെന, വിജയ് ബാബു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവരവരുടെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ഓരോ സിനിമയിലം വ്യത്യസ്തമായ ട്രീറ്റമെന്റ് അവതരിപ്പിക്കുന്ന ഗൗതം വാസുദേവ് മേനോന് കോമഡി എങ്ങനെ വഴങ്ങുമെന്ന സംശയം ചെറുതായി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതില്‍ വിജയിച്ചു എന്ന് തന്നെ പറയാം. മമ്മൂട്ടി എന്ന നടനെ ഒരേസമയം സിമ്പിളായും അതോടൊപ്പം സ്റ്റൈലിഷായും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്നൈ നോക്കി പായും തോട്ട, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഡര്‍ബുക ശിവയാണ് ഡൊമനിക്കിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു ചിത്രത്തിന്റേത്. ആക്‌സിഡന്റ് സീനില്‍ നല്‍കിയ ബി.ജി.എമ്മും, ക്ലൈമാക്‌സ് ഫൈറ്റിലെ പാട്ടും ഫ്രഷായിട്ടുള്ള അനുഭവമായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ശിവ ഒട്ടും മോശമാക്കിയില്ല.

വിഷ്ണു ആര്‍ ദേവിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. കലൈ കിങ്‌സണും സുപ്രീം സുന്ദറും ഒരുക്കിയ ആക്ഷന്‍ സീനുകളും മനോഹരമായി. കുറച്ചധികം ചിരിക്കാനും കുറച്ച് ത്രില്ലടിക്കാനും കഴിയുന്ന മികച്ചൊരു സിനിമാനുഭവം തന്നെയാണ് ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.

Content Highlight: Dominic and The Ladies Purse movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Video Stories