| Friday, 17th May 2024, 5:37 pm

വേണം, പ്രണയത്തിലും ദാമ്പത്യത്തിലും ഒരു പ്രൈവസി പോളിസി

താഹ മാടായി

സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്വകാര്യതകളുമായി ബന്ധപ്പെട്ട കുടുംബ / സാമൂഹ്യ വിഷയങ്ങളുടെ സംവാദ പരിസരങ്ങളില്‍ ഇടപെടുന്ന ചില പുരുഷന്മാരുടെ ഒരു സ്ഥിരം വാചകമുണ്ട്: ഈ പെണ്ണുങ്ങള്‍ക്ക് വേണ്ടത് നല്ലൊരു ഊക്ക് (fuck) ആണ്. ‘ മിക്കവാറും, സ്വതന്ത്ര കാഴ്ചപ്പാടുകള്‍ തുറന്നവതരിപ്പിക്കാറുള്ള സ്ത്രീകള്‍ക്കു നേരെയും ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയായി പുറത്തു വന്ന് എല്ലാം തുറന്നു പറയുന്നവരുമാണ് ഈ വെറുപ്പിക്കുന്ന വാക്കുകളുടെ പ്രഹരമേറ്റുവാങ്ങുന്നത്.

സ്വന്തമായി ഒരു ചോയ്‌സ് ഇല്ലാത്ത സ്ത്രീ ആണെങ്കില്‍, പോലും മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വ്യവസ്ഥയില്‍ ,രവീശരല ഉള്ള സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പീഡകള്‍ ചെറുതായിരിക്കില്ല. ഒരാള്‍ കുടുബത്തില്‍, കിടപ്പറയില്‍ പൂര്‍ണ്ണമായും അക്രമാസക്തമായി പെരുമാറുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന ഒരു തരം നിസ്സഹായതയുണ്ട്. ആരോടും പങ്കുവെക്കാന്‍ സാധിക്കാത്ത ഇത്തരം നിസ്സഹായതകളുടെ തുടരന്‍ വര്‍ഷങ്ങളെയാണ് മലയാളികള്‍ ‘ദാമ്പത്യം ‘ എന്നു വിളിക്കുന്നത്.

‘ഒരു മുഴുവന്‍ സമയ വിധേയത്വം” ആണ് വിവാഹിതരായ പുരുഷന്മാരില്‍ ഏറിയ പേരും അവരുടെ ഭാര്യമാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ പെണ്ണായിരിക്കുന്നതില്‍ ആ ഭര്‍ത്താവ് സന്തോഷവാന്‍ ആയിരിക്കുമെങ്കിലും ‘പെണ്‍പോരിമ ‘ പാടില്ല. എത്രയോ വര്‍ഷങ്ങളായി ‘ആണ്‍പോരിമ ‘യാണ് കുടുംബത്തിന്റെ മാത്രമല്ല, ഔദ്യോഗിക സംവിധാനങ്ങളുടെയും അടിക്കല്ല്. പുരുഷന്‍ മനോഹരവും സ്‌നേഹത്തില്‍ പൊതിഞ്ഞുമാണ് ഈ ആണ്‍പോരിമ കുടുംബത്തിലും സൗഹൃദങ്ങളിലുമുറപ്പിക്കുക.

ഇരുപത്തിനാലു മണിക്കൂറും ദാസിയായി നില നില്‍ക്കുന്ന ഒരു മാംസ രൂപിയായ ജീവി – മിക്കവാറും യാഥാസ്ഥിതിക ഭര്‍തൃ സങ്കല്‍പത്തിലെ ഉത്തമ ഭാര്യ അവരാണ്. സ്വയം അസ്തിത്വം നിഷേധിച്ചു കൊണ്ട്, ആണിനോട് ദേഷ്യപ്പെടാതെ ജീവിക്കുന്ന സാധു മൃഗം.

എന്നാല്‍, പാരമ്പര്യമായി ആണ്‍കോയ്മ അടിച്ചേല്‍പിക്കപ്പെട്ട ‘സാധു മൃഗം ‘ അവസ്ഥയില്‍ നിന്ന് പുറത്തു വന്ന പെണ്‍കുട്ടികളാണ് ലോകത്തെ ഇപ്പോള്‍ നിര്‍വ്വചിക്കുന്നത്. ‘എന്താണ് മനോഹരമായി ജീവിക്കാന്‍ വേണ്ടത് ‘ എന്നറിയുന്ന ഈ പെണ്‍കുട്ടികളും വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ പോലും കൈയൂക്കിലൂടെ ഇല്ലാതാക്കാനും ഒന്നിനോടും അഭിപ്രായമില്ലാത്ത ‘സാധു മൃഗമായി ‘ കെട്ടിയിടാനുമുള്ള പുരുഷന്മാരുടെ ആത്മ നാശകരമായ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന ഭര്‍തൃഗാര്‍ഹിക പീഡനത്തിലും പുറത്തു വരുന്നത്.

ഇതില്‍ നിന്നു ബോധ്യമാവുന്നത് വിവാഹിതരവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ ഒരു പ്രൈവസി പോളിസി, ടേംസ് ആന്റ് കണ്ടീഷനില്‍ വരനുമായി ആദ്യമേ ധാരണയിലെത്തണമെന്നാണ്. എല്ലാ കമ്പനികളും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരം പ്രൈവസി പോളിസി / ടേംസ് ആന്റ് കണ്ടീഷന്‍ ഉറപ്പു വരുത്തുന്നുണ്ട്. ദാമ്പത്യത്തില്‍ ഇനി ഇത് അനിവാര്യമാണ്. പ്രണയത്തിലും. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന സാമൂഹ്യ സങ്കല്‍പത്തില്‍ പ്രൈവസി പോളിസിയും അനിവാര്യമല്ലേ?

ആക്റ്റീവാകുന്ന സ്ത്രീകളെ കണ്ട് ഭീകരമായ നിരാശയിലകപ്പെട്ട യുവാക്കളെയാണ് എവിടെയും കാണുന്നത്.’ ഇതാണെന്റെ ചോയ്‌സ് ‘ എന്ന് വസ്ത്രം തിരഞ്ഞെടുക്കുന്നതു മുതല്‍ ഓരോ കാര്യത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തുന്ന പെണ്‍കുട്ടികളെ എങ്ങനെ സഹിക്കും? അപകര്‍ഷത പേറുന്ന ആണ്‍ യൗവ്വനങ്ങള്‍ നിരാശയുടെ ഈ സീബ്രാലൈന്‍ മുറിച്ചുകടക്കാന്‍ വിയര്‍ക്കുകയാണ്.

തീര്‍ച്ചയായും ഈ പ്രൈവസി ‘പോളിസിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതി’ നെ സംബന്ധിക്കുന്ന പ്രൈവസി പോളിസിയാണ് ആദ്യം ഉറപ്പുവരുത്തേണ്ടത്.കുടുംബകോടതികളില്‍ വരുന്ന പല വ്യവഹാരങ്ങളിലും കേന്ദ്ര ബിന്ദു ഫോണ്‍ ആണ്.

എന്തിനാണ് ഒരാള്‍, ഭാര്യയോ ഭര്‍ത്താവോ കാമുകനോ കാമുകിയോ,ആരോ ആവട്ടെ. മറ്റൊരാളുടെ ഫോണ്‍ ഒളിച്ചു നോക്കുന്നത്? അതൊരു മോശം പ്രവണതയാണ്. സ്വകാര്യതയാണ് ഏവരും ആഗ്രഹിക്കുന്ന അലംഘനീയമായ അസ്തിത്വം. സംശയാലുവായ ഒരു മനോരോഗിയോടൊപ്പം ചായ കുടിക്കാന്‍ പോലും സാധ്യമല്ല. പിന്നെയല്ലേ, ജീവിതം?

വിവാഹിതരാവാന്‍ പോകുന്നവര്‍, ആദ്യം പരസ്പരം തുറന്നു സമ്മതിക്കേണ്ടത്, എനിക്കൊരു പാട് കൂട്ടുകാരുണ്ട്. അവരുമായി തുടര്‍ന്നും ചങ്ങാത്തം തുടരും. നിങ്ങള്‍ക്കത് ഇഷ്ടപ്പെടുമോ? ഒരു സിനിമാ ഡയലോഗ് പോലെ ഇതൊന്നും ചോദിച്ച് ഉറപ്പു വരുത്താന്‍ സാധിക്കില്ല. എന്നാല്‍, മനോഭാവങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.

ഒരു ഭര്‍ത്താവും ഭാര്യയോട് ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമുണ്ട്: ‘ഞാനുള്ളപ്പോള്‍ നിനക്കെന്തിനാണ് മറ്റൊരു കൂട്ടുകാരന്‍?’ ആ ചോദ്യം കിടപ്പറയെ അക്രമാസക്തമാക്കുന്നു. ലോകവാസനം എന്നു പറയുന്നത് ഇതാണ്. സ്‌നേഹരാഹിത്യം. അക്രമം.

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more