| Wednesday, 20th May 2020, 7:06 pm

ആഭ്യന്തര വിമാനസര്‍വീസുകള്‍ മേയ് 25 മുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ ആഭ്യന്തരവിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ നീക്കം. മേയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നടത്തും.

കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൃത്യമായ മാനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്.

മേയ് 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘ആഭ്യന്തര സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 25 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. എല്ലാ വിമാനത്താവളങ്ങളേയും വിമാനകമ്പനികളേയും മെയ് 25 മുതല്‍ പ്രവര്‍ത്തനത്തിന് തയ്യാറാകാന്‍ അറിയിച്ചിട്ടുണ്ട്’ ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 25നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചത്.

അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ നിശ്ചിത മേഖലകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ ചരക്ക് വിമാനങ്ങളും പ്രവാസികളെ എത്തിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more