| Monday, 25th May 2020, 11:05 am

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു; ഈ ആഴ്ച മാത്രം 8428 സര്‍വീസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. 62 ദിവസത്തിന് ശേഷം ആണ് രാജ്യത്ത് വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നത്. ആഴ്ചയില്‍ 8428 സര്‍വീസുകള്‍ ആണ് ഉണ്ടാവുക. നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങി.

ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയത്. ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ യാത്ര അനുവദിക്കൂ.

ബംഗലൂരുവിലേക്ക് പറന്ന വിമാനത്തോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള സര്‍വീസ് തുടങ്ങിയത്. ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബംഗലൂരുവിലേക്കും മുംബൈയിലേക്കുമാണ്.

ദല്‍ഹിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍ നിന്ന് ഈയാഴ്ച ആകെ 113 സര്‍വീസുകളുണ്ടാകും.

ഇന്ന് കരിപ്പൂരിലേക്ക് മൂന്ന് ആഭ്യന്തര സര്‍വീസുകള്‍ ഉണ്ടാകും. ബെംഗളൂരു, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ എത്തിക്കും.

തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ ഇന്ന് മൂന്ന് വിമാനങ്ങളാണ് എത്തുക. അതേസമയം വിമാനങ്ങളില്‍ തിരക്ക് കുറവാണ്. എതിര്‍പ്പ് ഉന്നയിച്ച തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാകുക

ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആണ് സര്‍വീസ് തുടങ്ങിയത്. ആന്ധ്രയില്‍ നാളെയും ബംഗാളില്‍ വ്യാഴാഴ്ചയും ആണ് സര്‍വീസ് തുടങ്ങുക.

ദല്‍ഹിയില്‍ നിന്ന് 380 സര്‍വീസുകള്‍ ആണ് ഇന്നുള്ളത്. ഇതില്‍ 25 സര്‍വീസുകള്‍ കേരളത്തിലേക്ക് ആണ്. മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങള്‍ മാത്രമേ എത്തൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more