ആരോഗ്യ സേതു, കനത്ത ജാഗ്രത, എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; ആഭ്യന്തര വിമാനയാത്ര ചെയ്യേണ്ടത് ഇങ്ങനെ; കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം
national news
ആരോഗ്യ സേതു, കനത്ത ജാഗ്രത, എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; ആഭ്യന്തര വിമാനയാത്ര ചെയ്യേണ്ടത് ഇങ്ങനെ; കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2020, 11:34 am

ന്യൂദല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

യാത്ര ചെയ്യുന്നവര്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല.

യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളു.

യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്. സ്വന്തം വാഹനമോ, അല്ലെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല.

സംസ്ഥാനക്കാരാണ് വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത്. വിമാനത്തവാളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ. സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കേണ്ടത്.

യാത്രക്കാര്‍ നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അത്യാവശ്യം വേണ്ടവര്‍ക്ക് ട്രോളി ലഭിക്കും. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കാന്‍ പാടുള്ളൂ.

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണം.  പാദരക്ഷകള്‍ അണുവിമുക്തം ആക്കാന്‍ സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം.

എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടത്തണമെന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിക്കുന്നു.

മെയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക