ന്യൂദല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് ശഠിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രം തള്ളി. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതടക്കം 11 ഇന നിര്‍ദേശങ്ങള്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു.
മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വിമാന സര്‍വീസ് വ്യാപനം കൂട്ടിയേക്കാമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. കൊവിഡ് രോഗം അതിഗുരുതരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. എന്നാല്‍ സര്‍വ്വീസ് തുടങ്ങുമ്പോള്‍ ചില സംസ്ഥാനങ്ങളെ മാത്രം മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, വിമാനയാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നിലപാട്.
മുതിര്‍ന്ന പൗരന്‍മാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രസൗകര്യം ഒരുക്കുമെന്നും വ്യോമയാനമന്ത്രി പറഞ്ഞു. നേരത്തെ, രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. വിമാനയാത്രക്ക് ശേഷം ക്വാറന്റൈന്‍ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.