ചലച്ചിത്രമേളകളിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രം ‘ഡൊമസ്റ്റിക് ഡയലോഗ്‌സ്’ സംവിധായകന്‍ ജയരാജിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ റൂട്‌സില്‍ റിലീസ് ചെയ്തു.
വൈഷ്ണവ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.
കുടുംബങ്ങളില്‍ മലയാളി പുരുഷന്മാര്‍ പുലര്‍ത്തിവരുന്ന കാപട്യവും അതിനു പിന്നാലെ പുരുഷാധിപത്യവും പരിചിതമായ സംഭാഷണങ്ങളിലൂടെ ചിത്രം കാണിച്ചു തരികയാണ്. വ്യക്തികള്‍ക്കുള്ളിലെ ഈഗോയെയും ചിത്രം വിമര്‍ശനവിധേയമാക്കുന്നുണ്ട്.
ജാര്‍ഖണ്ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് ചിത്രം നേടിയിരുന്നു. കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്കും ഡൊമസ്റ്റിക് ഡയലോഗ്‌സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2019ല്‍ പൂര്‍ത്തിയാക്കിയ ചിത്രം നാല് ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം കൂടുതല്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകരിലൊരാളായ വൈഷണവ് പറഞ്ഞു.
‘ രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായ ഒരു കുഞ്ഞു സിനിമയാണ് ഡോമെസ്റ്റിക് ഡയലോഗ്‌സ്. നാല് ഫെസ്റ്റിവല്‍ വേദികളില്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഒരു വീട്ടിനുള്ളിലെ പലയിടങ്ങളിലായി നടക്കുന്ന നാല് സംഭാഷണങ്ങളാണ് ഈ സിനിമ, നമ്മള്‍ എവിടെയെല്ലാമോ കേട്ട വര്‍ത്തമാനങ്ങള്‍ തന്നെയാണ് ഇവയെല്ലാം.
ഞാനും ഗോകുലും അടങ്ങുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യത്തെ ചിത്രമാണിത്. ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ച് സമാഹരിച്ച ഒരു ലക്ഷം രൂപയിലാണ് സിനിമയുടെ നിര്‍മ്മാണം. സിനിമയുടെ ഓരോ ഘട്ടത്തിലും ഒട്ടേറെ സഹായങ്ങള്‍ നല്‍കിയ കുറെ പേരുണ്ട് എല്ലാവര്‍ക്കും നന്ദി. സിനിമ കാണുക, അഭിപ്രായം അറിയിക്കുക,’ വൈഷണവിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ആകാശ്, കാവ്യ, സുഷ, അമിത്, ചന്ദൂസ് എന്നിവരാണ് ചിത്രത്തില്‍ വേഷങ്ങള്‍ ചെയ്തത്. ബിനു ശേഖറാണ് ക്യാമറയും എഡിറ്റും നിര്‍വഹിച്ചത്.