ജോലി സ്ഥിരപ്പെടുത്തണം, രേഖാമൂലമുള്ള ഉറപ്പ് നല്‍കണം; ദല്‍ഹിയിലെ ഡൊമസ്റ്റിക് ബ്രീഡിങ് ചെക്കേര്‍സ് സമരത്തില്‍
national news
ജോലി സ്ഥിരപ്പെടുത്തണം, രേഖാമൂലമുള്ള ഉറപ്പ് നല്‍കണം; ദല്‍ഹിയിലെ ഡൊമസ്റ്റിക് ബ്രീഡിങ് ചെക്കേര്‍സ് സമരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 10:17 am

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമസ്റ്റിക് ബ്രീഡിങ് ചെക്കേര്‍സ് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ജോലി സ്ഥിരപ്പെടുത്തുക, സുരക്ഷ ഉറപ്പാക്കുക, ഉപകരണങ്ങള്‍ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പൗരസമിതി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നിരിക്കുന്നത്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഡി.ബി.സി പ്രവര്‍ത്തിക്കുന്നത്.

നഗരത്തില്‍ ഒരാഴ്ചക്കിടെ 56 ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ പണിമുടക്ക്. ജൂലൈയില്‍ ഇതുവരെ 121 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എം.സി.ഡിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാഴ്ചക്കിടെ 11 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം നഗരത്തില്‍ 243 ഡെങ്കി കേസുകളും 72 മലേറിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ 34 മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ സ്ഥിരപ്പെടുത്തല്‍ ആവശ്യം നടപ്പിലാക്കുന്നതിനായി 2022 മാര്‍ച്ച് ഒന്‍പതിനും 2022 നവംബര്‍ ഒന്‍പതിനും എം.സി.ഡി ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍ പറയുന്നു.

‘മൂന്ന് മാസത്തെ കാലതാമസത്തിന് ശേഷം ജൂലൈ 22ന് ഒരു മാസത്തെ ശമ്പളം ഞങ്ങള്‍ക്ക് കിട്ടി. രണ്ട് മാസത്തെ ശമ്പളം ഇനിയും കിട്ടാനുണ്ട്. ഈ ശമ്പളം എപ്പോള്‍ കിട്ടുമെന്ന കാര്യത്തില്‍ എം.സി.ഡി(മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദല്‍ഹി) ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല,’ഡി.സി.ബി ജോലി ചെയ്യുന്ന ഇന്ദ്രജ് കൗശിക് പറഞ്ഞു.

സമരത്തിന്റെ ആദ്യദിനം നടന്ന യോഗത്തില്‍ ചര്‍ച്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞെന്നും ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ പിടിവാശിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഡി.സി.ബി തൊഴിലാളികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

‘അഡീഷണല്‍ കമ്മീഷണറും മേയറുമായ ഷെല്ലി ഒബ്രോയിയുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്നും സമരം നിര്‍ത്തിവെക്കണമെന്നും അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവരത് നിരസിച്ചു. രേഖാമൂലമുള്ള ഒരുറപ്പ് കിട്ടുന്നത് വരെ ഞങ്ങള്‍ സമരം തുടരും,’ ആന്റി മലേറിയ ഏക്ത എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ദേവേന്ദ്ര ശര്‍മ പറഞ്ഞു.

ഡി.സി.ബി തൊഴിലാളികള്‍ 28 വര്‍ഷമായി കരാര്‍ ജീവനക്കാരായി ജോലി ചെയ്യുന്നു. സ്ഥിരം തൊഴിലാളികള്‍ ആക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധിച്ച്‌ കമ്മീഷണര്‍ക്കും മേയര്‍ക്കും പലതവണ കത്തയച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പണിമുടക്കില്‍ എല്ലാ ഡി.ബി.സി തൊഴിലാളികളും പങ്കെടുത്തിട്ടില്ലെന്നും പലരും ഇപ്പോഴും ജോലിക്ക് വരുന്നുണ്ടെന്നും എം.സി.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ എല്ലാ ഡി.സി.ബി തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തിട്ടില്ല. പലരും കൊതുക് പ്രജനനം തടയുന്നതിനുള്ള ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നും ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നുമാണ്‌ ഞങ്ങളുടെ പ്രതീക്ഷ,’ എം.സി.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Content Highlights: Domestic breeding checkers go on strike