സീക്വേറിയം ഷോയ്ക്കിടയില്‍ പരിശീലകനെ ആക്രമിച്ച് ഡോള്‍ഫിന്‍; ട്വിറ്ററില്‍ വൈറലായി വീഡിയോ
World News
സീക്വേറിയം ഷോയ്ക്കിടയില്‍ പരിശീലകനെ ആക്രമിച്ച് ഡോള്‍ഫിന്‍; ട്വിറ്ററില്‍ വൈറലായി വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 11:26 pm

ഫ്‌ളോറിഡ: ട്വിറ്ററില്‍ ശ്രദ്ധ നേടി പരിശീലകനെ ഡോള്‍ഫിന്‍ ആക്രമിച്ച വീഡിയോ. മിയാമി സീക്വേറിയത്തിലാണ് കാണികള്‍ക്ക് മുന്നില്‍ വെച്ച് പരിശീലകനെ ‘സണ്‍ഡാന്‍സ്’ എന്ന ഡോള്‍ഫിന്‍ ആക്രമിച്ചത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സും(PETA) വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പരിശീലകന്‍ മാറാന്‍ ശ്രമിക്കുമ്പോഴും ഡോള്‍ഫിന്‍ അക്രമാസക്തമാവുന്നുണ്ടായിരുന്നു.

ഷോ കാണാനെത്തിയ ഫോട്ടോഗ്രാഫര്‍ ഷാനന്‍ കാര്‍പെന്ററാണ് വീഡിയോ പകര്‍ത്തിയത്. വെള്ളത്തില്‍ നീന്തുന്ന പരിശീലകന്റെ നേരെ ഡോള്‍ഫിന്‍ കുതിക്കുന്നത് വീഡിയോയില്‍ കാണാം. ഡോള്‍ഫിന്റെ അടുത്ത് നിന്നും രക്ഷപ്പെട്ട് കര കയറിയ പരിശീലകനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിശീലകന് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. ഡോള്‍ഫിനുകളെ തടവിലാക്കിയതിന്റെയും മിയാമിയിലെ പോലെയുള്ള സീക്വേറിയങ്ങളിലെ ഡോള്‍ഫിന്‍ ഷോകളെ പറ്റിയും ചോദ്യങ്ങളുയരുകയാണ്.

ഡോള്‍ഫിനുകളും മറ്റ് തിമിംഗലങ്ങളും ബന്ദികളല്ലെന്നതാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഡോള്‍ഫിനുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഡോള്‍ഫിന്‍ പ്രോജക്ട് പറഞ്ഞു. അടിമകളാക്കുന്നത് ഡോള്‍ഫിനുകള്‍ക്കും അവരുടെ പരിശീലകര്‍ക്കും അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മിയാമി സീക്വേറിയത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നത് ഇതാദ്യമല്ല. ദി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

56 വയസ്സുള്ള ഓര്‍ക്കാ തിമിംഗലമായ ലോലിത ലോകത്തിലെ ഏറ്റവും ചെറിയ ഓര്‍ക്കാ ടാങ്കിലാണ് ജീവിക്കുന്നതെന്നും കൂടുതല്‍ ആഴത്തില്‍ മുങ്ങാനോ നീന്താനോ കഴിയുന്നില്ലെന്നും പെറ്റ അവകാശപ്പെട്ടു.

Content Highlight: Dolphin attacking trainer during aquarium show