| Tuesday, 1st June 2021, 8:26 pm

ഉത്തരാഖണ്ഡില്‍ നദീതീരത്ത് അടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയില്‍; കൊവിഡ് രോഗികളുടേതെന്ന് പ്രദേശവാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍കാശി: ഉത്തരാഖണ്ഡില്‍ നദിക്കരയില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. കൊവിഡ് രോഗികളുടെ മൃതദേഹമാണ് നദിക്കരയില്‍ വന്നടിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തരാഖണ്ഡിലെ കേദാര്‍ഘട്ടിലെ ഭാഗീരഥി നദിക്കരയില്‍ കരയ്ക്കടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

പകുതി കത്തിച്ച മൃതദേഹങ്ങളും നദിയിലൂടെ ഒഴുകി കരയ്ക്കടിഞ്ഞിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴകൂടിയതോടെ ഭാഗീരഥി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയാന്‍ തുടങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും സിവിക് ബോഡി ഉടന്‍ നടപടി എടുക്കണമെന്നും പ്രദേശ വാസികള്‍ പറയുന്നു.

പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് തീരത്തടിയുന്ന പകുതി കത്തിച്ച മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് മുന്‍സിപാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞത്.

പ്രദേശത്ത് അടുത്ത കുറച്ച് ദിവസങ്ങളായി മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉത്തര്‍ പ്രദേശിലും ബീഹാറിലും നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നദികളില്‍ മൃതദേഹം ഒഴുക്കി വിടുന്നത് തടയണമെന്നും നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dogs Feed On Bodies At Uttarakhand Riverbank

We use cookies to give you the best possible experience. Learn more