ഡെറാഡൂണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ കടകളില്‍ വംശീയവിദ്വേഷം നിറഞ്ഞ പോസ്റ്റര്‍. നായ്ക്കള്‍ക്ക് വരാം കാശ്മീരികള്‍ കയറരുത്് എന്നാണ് ഡെറാഡൂണിലെ കടകള്‍ക്ക് പുറത്ത് കാണുന്ന പോസ്റ്ററുകളില്‍ പറയുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കാശ്മീരികള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ സംഭവവുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ വിദ്യാര്‍ത്ഥികളെ വി.എച്ച്.പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണവും അപമാനിക്കാനുള്ള ശ്രമവും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഡെറാഡൂണില്‍ വി.എച്ച്.പി-ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 12 ഓളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡില്‍ പഠിക്കുന്ന ആയിരത്തോളം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചണ്ഡീഗഢില്‍ ഇരുപതോളം താത്ക്കാലിക റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. അലിഗഢ് സര്‍വകലാശാല പരിസരങ്ങളിലും വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Also Read: ഭീകരാക്രമണം; പദ്ധതിയിട്ടത് പാക് ആശുപത്രിയില്‍: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
ഹരിയാനയിലെ അംബാലയില്‍ എം.എം സര്‍വകലാശാല വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ഗ്രേറ്റര്‍ കശ്മീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇങ്ങനെ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അക്രമണം നടക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.