ഒരോ പല്ലിനും പതിനായിരം രൂപ: തെരുവുനായ ആക്രമണത്തില്‍ പഞ്ചാബ് ഹൈക്കോടതി
national news
ഒരോ പല്ലിനും പതിനായിരം രൂപ: തെരുവുനായ ആക്രമണത്തില്‍ പഞ്ചാബ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2023, 8:33 pm

ഛണ്ഡീഗഢ്: തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഓരോ പല്ലിന്റെ അടയാളത്തിനും പതിനായിരം രൂപ വീതം നല്‍കണമെന്ന് പഞ്ചാബ് ഹൈക്കോടതി. മാംസം കീറിപ്പോയാല്‍ ഒരോ 0.2 സെന്റീമീറ്റര്‍ മുറിവിനും കുറഞ്ഞത് 20000 രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നായ്ക്കളും കന്നുകാലികളും ഉള്‍പ്പെടെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട പ്രഥമ സ്ഥാപനമായി സംസ്ഥാനത്തെ പരിഗണിക്കുമെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

‘ആക്രമണത്തില്‍ ഇരയായ വ്യക്തികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി വീഴ്ച വരുത്തിയ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ പണം വീണ്ടെടുക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ട്,’ നായയുടെ കടിയേറ്റ കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച് കോടതി പറഞ്ഞു.

കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പ്രസ്തുത കമ്മിറ്റിയില്‍ ബന്ധപ്പെട്ട ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറെ ചെയര്‍പേഴ്‌സണ്‍ ആയി നിയമിക്കണം. കൂടാതെ പൊലീസ് സൂപ്രണ്ട് അല്ലെങ്കില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡിസ്ട്രിക് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

content highlight : Dogbite victims to get 10,000 for ‘each teeth mark’: Punjab high court