| Tuesday, 20th September 2022, 2:57 pm

കേസ് കൊട് മോഡലില്‍ വിശുദ്ധ മെജോ ടീമിന്റെ 'പട്ടി പോസ്റ്റര്‍'; മാത്യുവിന്റെ പോസ്റ്റില്‍ ട്രോള്‍ മഴ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോമോള്‍ ജോസ്, ഡിനോയ് പൗലോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്ത് വിശുദ്ധ മെജോ സെപ്റ്റംബര്‍ 16നാണ് റിലീസ് ചെയ്തത്. ഡിനോയ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

റിലീസിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ന്നാ താന്‍ കേസ് കൊട് മോഡലില്‍ ‘റോഡില്‍ പട്ടിയുണ്ട്, കുട്ടികള്‍ സൂക്ഷിക്കുക’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററാണ് പുറത്ത് വിട്ടത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു തോമസും ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്ററിന് താഴെ കമന്റ് ബോക്‌സില്‍ പരിഹാസങ്ങള്‍ നിറയുകയാണ്. ‘ഇതിലും നല്ലത് പട്ടിയുടെ കടി തന്നെ ആണെന്ന് മെജോ കണ്ടവര്‍ അഭിപ്രായപ്പെട്ടു, ന്നാ താന്‍ കേസ് കൊട് , ഫ്രഷ്, ഫ്രഷ് ഫ്രഷേയ്, സിനിമ ഹിറ്റ് ആവണമെങ്കില്‍ ഇങ്ങനെ ക്യാപ്ഷന്‍ ഇട്ടാല്‍ മാത്രം പോരാ കൊള്ളാവുന്ന സിനിമ കൂടി ആവണം, ഒത്തില്ല, ഒത്തില്ല,’ എന്നിങ്ങനെയാണ് കമന്റുകള്‍ പോകുന്നത്.

ചിത്രത്തിലും പട്ടിയുടെ ഉപദ്രവത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നുണ്ട്. നായകന്റെ അമ്മ മരിക്കുന്നത് പേവിഷ ബാധയേറ്റാണെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്. നായകന് പട്ടിയെ ഭയമുള്ളതായും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എന്നിരുന്നാലും പട്ടിയെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു പോസ്റ്റര്‍ പുറത്തിറക്കിയത് ഒത്തില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് ക്യാപ്ഷനുള്ള പോസ്റ്റര്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് പോസ്റ്ററിനെതിരെ വിമര്‍ശനവും സൈബര്‍ അറ്റാക്കും വന്നിരുന്നു. പോസ്റ്റര്‍ വലിയ വിവാദമായെങ്കിലും ചിത്രം വന്‍ വിജയമായിരുന്നു.

Content Highlight: ‘Dog Poster’ of visudha mejo Team in Case Kodu Model, Troll comments on Matthew’s post

We use cookies to give you the best possible experience. Learn more