ഫുട്‌ബോള്‍ മത്സരങ്ങള്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും തടസ്സപ്പെടാറുണ്ട്. കളിക്കാര്‍ക്ക് പരിക്കേല്‍ക്കുമ്പോഴോ ആരാധകര്‍ നിലവിട്ടുപെരുമാറുമ്പോഴോ തുടങ്ങി പല സാഹചര്യങ്ങളിലും കളി നിര്‍ത്തിവെക്കപ്പെടാറുണ്ട്.
എന്നാല്‍ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം തടസപ്പെടുത്തിയ ഒരു പട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കളിക്കിടെ ഗ്രൗണ്ടിലേക്കെത്തി താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂടിയ പട്ടിയുടെ വീഡിയോ പെട്ടെന്നാണ് ഫുട്‌ബോള്‍ പ്രേമികളും മൃഗസ്‌നേഹികളും ഏറ്റെടുത്തത്.
ജൂണ്‍ 26ന് നടന്ന ചിലി – വെനസ്വലെ മത്സരത്തിനിടെയായിരുന്നു സംഭവം. ചിലിയന്‍ ഗോള്‍കീപ്പര്‍ ക്രിസ്റ്റീന്‍ എന്‍ഡ്‌ലറിനടുത്തേക്ക് ഒരു കറുത്ത ലാബ്രഡോര്‍ ഓടി വരികയായിരുന്നു. എന്‍ഡ്‌ലറിന് മുമ്പില്‍ കിടന്ന് തന്നെ തലോടാനാവശ്യപ്പെടുകയായിരുന്നു പട്ടിക്കുട്ടന്‍.
താരത്തിന്റെ തലോടല്‍ ഇഷ്ടമായതുകൊണ്ടോ എന്തോ അവന്‍ തിരിഞ്ഞും മലര്‍ന്നും കിടന്ന് എന്‍ഡ്‌ലറിനൊപ്പം സ്‌നേഹം പങ്കിടുകയായിരുന്നു.
തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്നും മാറാന്‍ കൂട്ടാക്കാതെ റഫറിയോടായി പട്ടിയുടെ കൂട്ടുകൂടല്‍. എന്‍ഡ്‌ലറിനോടെന്ന പോലെ റഫറിക്ക് മുമ്പിലും കിടന്ന് തലോടലേറ്റുവാങ്ങുകയായിരുന്നു.
അവസാനം രണ്ട് ബോള്‍ ബോയ്‌സെത്തിയാണ് പട്ടിയെ ഗ്രൗണ്ടില്‍ നിന്നും മാറ്റിയത്.
കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായിട്ടായിരുന്നു ചിലിയും വെനെസ്വലെയും തമ്മിലുള്ള മത്സരം നടന്നത്. കളിയില്‍ 1 -0 ന് വെനസ്വലെ ചിലിയെ തോല്‍പിച്ചിരുന്നു.
സമാനമായ നിരവധി സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയില്‍, തേര്‍ഡ് ടയര്‍ ഇംഗ്ലീഷ് ലീഗ് വണ്‍ മത്സരവും ഇത്തരത്തില്‍ തടസ്സപ്പെട്ടിരുന്നു. ഷെഫീല്‍ഡ് വെനസ്‌ഡേയും വിഗാന്‍ അത്ലറ്റിക്കും തമ്മിലുള്ള മത്സരം തടസ്സപ്പെടുത്തിയത് ഒരു പൂച്ചയായിരുന്നു.
പൂച്ച കളം വിടാന്‍ തയ്യാറാവാതെ വന്നതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അവസാനം ഏറെ നേരത്തെ ശ്രമത്തിന് ശേഷം വിഗന്റെ സ്‌കോട്ടിഷ് താരം ജേസണ്‍ കേര്‍ പൂച്ചയെ ഫീല്‍ഡിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
തഴുകിയും തലോടിയും പൂച്ചയെ പുറത്തേക്ക് കൊണ്ടുപോയ കേറിന്റെ വീഡിയോയും ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.
Content Highlight: Dog Interrupts Women’s International Football Match, video goes viral