| Sunday, 14th May 2023, 4:22 pm

എല്ലാവരും താടിവെച്ചത് കൊണ്ട് ആര്‍ടിസ്റ്റുകളെ കണ്ടാല്‍ തിരിച്ചറിയുന്നില്ല, അതും സിനിമകള്‍ വിജയിക്കാത്തതിന് കാരണമാകുന്നുണ്ട്: എസ്.എന്‍.സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ടിസ്റ്റുകളെ കണ്ടാല്‍ തിരിച്ചറിയാത്തതും തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ വരുന്നതിനെ ബാധിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും താടി വെച്ചതുകാണ്ട് തന്നെ ആര്‍ടിസ്റ്റുകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നും, ഇത് സിനിമക്ക് ലഭിക്കുന്ന ആദ്യ പ്രതികരണത്തെ ബാധിക്കുന്നുണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്.

‘സിനിമ തിയേറ്റുകളില്‍ വിജയിക്കാത്തതിന് ഒരു കാരണമൊന്നുമല്ല ഉള്ളത്. ഒന്ന് സിനിമകളെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടാണ്. ചില സിനിമകളെ കുറിച്ച് അവര്‍ നേരത്തെ തീരുമാനിക്കും, ഈ സിനിമ എന്താണെന്ന് അറിഞ്ഞിട്ട് പോയാല്‍ മതിയെന്ന്. ചിലത് അതില്‍ നിന്ന് വ്യത്യസ്തവുമായിരിക്കും. ഉദാഹരണത്തിന് 2018, ഒരു മുന്‍വിധിയുമില്ലാതെ തന്നെ തിയേറ്റുകളില്‍ വലിയ തിരക്കായിരുന്നു. അത് കണ്ടവരുടെ അഭിപ്രായം കേട്ട് മാത്രമല്ല. എന്നാല്‍ അതേ സിനിമയിലെ ഹീറോ അഭിനയിച്ച ഒരു സിനിമയായിരുന്നു നീലവെളിച്ചം. അത് ഇതേ പോലെ വിജയിച്ചില്ല. മറ്റൊരു കാരണം, അത്രത്തോളം കാണാന്‍ ആവേശമില്ലാത്ത ഒരു സിനിമ തിയേറ്ററില്‍ കണ്ടില്ലെങ്കില്‍ ഒ.ടി.ടിയില്‍ കാണാം, അല്ലെങ്കില്‍ സാറ്റലൈറ്റില്‍ കാണം. ഇതാണ് ഫാമിലി ഓഡിയന്‍സിന്റെ താത്പര്യം.

ഞാന്‍ മനസിലാക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം ആര്‍ടിസ്റ്റിനെയൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നതാണ്. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇപ്പോള്‍ എല്ലാവരും താടിവെക്കുന്നുണ്ട്. ഈ ഇന്‍ഡസ്ട്രിയിലുള്ള എനിക്ക് പോലും ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ തിരിച്ചറിയാന്‍ പറ്റുന്നില്ല. ഒരു പടത്തില്‍ തന്നെ എട്ടും പത്തും പേര്‍ താടിവെച്ച് വരുമ്പോള്‍ നമുക്ക് ആദ്യ കാഴ്ചയിലെ തിരിച്ചറിയല്‍ സാധ്യമാകുന്നില്ല. സൈക്കോളജിക്കലി, നമുക്ക് ആദ്യം ഒരാളുടെ മുഖം തിരിച്ചറിയല്‍ പ്രധാനമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു സിനിമയിലെ എല്ലാവരും ഒരുപോലെയിരിക്കുമ്പോള്‍ നമുക്ക് ആളെ തിരിച്ചറിയാന്‍ പറ്റുന്നില്ല,’ എസ്.എന്‍.സ്വാമി പറഞ്ഞു.

40 വര്‍ഷത്തിലധികം നീണ്ട കരിയറില്‍ 67 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള എസ്.എന്‍.സ്വാമി ആദ്യമായാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ, ഗ്രിഗറി തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്നത്.

content highlights; Doesn’t recognize artists because they have beards, which is also the reason why films don’t succeed: SN Swamy

We use cookies to give you the best possible experience. Learn more