ന്യൂദല്‍ഹി: മാംസം കൊണ്ടുപോയതിന് ക്രിമിനല്‍ കേസെടുത്ത അസം സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഈ കേസിന്റെ പുറകില്‍ നടക്കുന്നതിന് പകരം സര്‍ക്കാരിന് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ എ.എസ്. അഭയ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസിലകപ്പെട്ട വ്യക്തിയുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി.
പാക്കറ്റിലാക്കി പ്രതി കൊണ്ടുപോയ മാംസാം സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നേരിട്ട് ബീഫും മറ്റ് മാംസവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നിലവില്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെയാണ് പാക്കറ്റില്‍ ഒരാള്‍ ബീഫ് കൊണ്ടുപോകുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതെന്ന് സുപ്രീം കോടതി ചോദിച്ചു.
അതേസമയം തന്റെ കക്ഷി ഒരു വെയര്‍ഹൗസ് ഉടമയാണെന്നും പാക്ക് ചെയ്ത പച്ചമാംസം മാത്രമേ കൊണ്ടുപോയിട്ടുള്ളൂവെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അസം കന്നുകാലി സംരക്ഷണനിയമ പ്രകാരം ബീഫ് ഉത്പന്നം വില്‍ക്കുന്നത് കുറ്റകരമാണെന്നും വാഹനത്തില്‍ നിന്നും പിടിച്ചെടുത്ത ബീഫാണിതെന്നുമാണ് അസം സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
എന്നാല്‍ മാംസം പാക്കറ്റുകളിലാക്കിയത് പ്രതിയല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു.
പിന്നാലെ കോടതി കേസ് ഏപ്രില്‍ 16ലേക്ക് മാറ്റിയതായും പ്രതിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്തതായും കോടതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് അസമില്‍ ബീഫ് നിരോധിച്ചത്. റസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുകയായിരുന്നു.
Content Highlight: Does the government have no other work than this?; Supreme Court criticizes Assam government in beef case