മികച്ച ജനപ്രിയ ചിത്രം, മികച്ച ഫിപ്രസി പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം, പ്രത്യേക ജൂറി പരാമർശം 29-ാമത് കേരളം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനത്തിൽ നിശാഗന്ധിയിൽ പുരസ്കാര അനൗൺസ്‌മെന്റുകൾ മുഴങ്ങിയപ്പോൾ നീണ്ട കരഘോഷത്തോടെ ഒരു യുവാവ് വേദിയിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു. ഫെമിനിച്ചി ഫാത്തിമ എന്ന കുഞ്ഞു സിനിമയിലൂടെ നവാഗതനായ ഫാസിൽ മുഹമ്മദ് രാജ്യാന്തര ചലച്ചിത്ര മേളയിലെ താരമായി മാറി.
ഫെമിനിച്ചി ഫാത്തിമയിലൂടെ ഓരോ വീടിന്റെയും അകത്തളത്തിൽ നടക്കുന്ന കാഴ്ചകളെക്കുറിച്ചാണ് താൻ പറയാൻ ശ്രമിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയാണ് ഫെമിനിച്ചി ഫാത്തിമയുടെ ഡയറക്ടർ ഫാസിൽ മുഹമ്മദും സിനിമയിൽ പ്രധാന വേഷം ചെയ്ത ഷംല ഹംസയും.
‘നമ്മുടെ അയൽപക്കത്തുള്ള പലരും ഫാത്തിമയെപ്പോലെയാവാം അവസരം കിട്ടിയിട്ടും എങ്ങും എത്താതെ വീട്ടിൽ ഒതുങ്ങി കൂടേണ്ടി വന്നവർ. അവരുടെ പ്രതിനിധിയാണ് ഫെമിനിച്ചി ഫാത്തിമ,’ ഷംല ഹംസ പറഞ്ഞു. ഇങ്ങള് സ്വിച്ച് ഇട്ടാൽ ഫാൻ കറങ്ങൂലെ എന്ന് ഫാത്തിമ തന്റെ ഭർത്താവിനോട് പറഞ്ഞ് തിരിഞ്ഞ് നടക്കുന്നത് കാണുമ്പോൾ സംവിധായകൻ തന്റെ ക്യാമറക്കണ്ണുകൾ നമ്മുടെ വീടുകളുടെ അകത്തളത്തിലേക്ക് തിരിച്ച് വെച്ചത് പോലെ തോന്നും ഷംല കൂട്ടിച്ചേർത്തു.
തന്റെ സ്ഥലം പൊന്നാനിയാണെന്നും അവിടെ ഒരുപാട് ഫാത്തിമമാർ ഉണ്ട് അത്തരത്തിലുള്ള അനുഭവങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ സിനിമയുണ്ടായതെന്ന് ഫാസിൽ മുഹമ്മദ് പറയുന്നു.
‘എല്ലാവർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ഒരു വിഷയമാണിത്. എന്റെ സ്ഥലം പൊന്നാനിയാണ്. അവിടെ ഒരുപാട് ഫാത്തിമമാർ ഉണ്ട്. അത്തരത്തിലുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ടാണ് ഞാൻ ഈ സിനിമ നിർമിച്ചിരിക്കുന്നത്.
കഥ നേരിട്ട് പറഞ്ഞ് പോവുകയാണെങ്കിൽ അത് പ്രേക്ഷകന് കണക്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ ഹാസ്യവും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്,’ ഫാസിൽ മുഹമ്മദ് പറഞ്ഞു.
Content Highlight: Does the fan spin when you switch it on? Feminichi Fatima with camera eyes turned inside the house of each one of us