| Thursday, 5th December 2019, 6:03 pm

സര്‍ക്കാരിന് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒരു ധാരണയുമില്ല; നിര്‍മ്മല സീതാരാമന്‍ വെണ്ണപ്പഴമാണോ കഴിക്കാറുള്ളതെന്നും പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മോദി സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്നും വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും ചിദംബരം പറഞ്ഞു. 106 ദിവസത്തിന് ശേഷം ജയില്‍ മോചിതനായ ചിദംബരം പത്രസമ്മേളനത്തിലായിരുന്നു മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രോഗനിര്‍ണ്ണയം തെറ്റാണെങ്കില്‍ എഴുതുന്ന കുറിപ്പടി ഉപയോഗ ശൂന്യമാകും. രോഗം മാരകമായേക്കും. സാമ്പത്തിക വര്‍ഷത്തിന്റെ ഏഴ് മാസം പിന്നിട്ടിട്ടും സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ ചാക്രികമാണെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ലെന്നും’ ചിദംബരം പറഞ്ഞു.

ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെയും ചിദംബരം വിമര്‍ശനം ഉന്നയിച്ചു.
‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം കഴിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്.’ എന്ന നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശത്തെയാണ് ചിദംബരം വിമര്‍ശിച്ചത്. നിങ്ങള്‍ വെണ്ണപ്പഴമാണോ കഴിക്കാറ് എന്ന് ചിദംബരം ചോദിച്ചു.

ഞാന്‍ ആരെയും പരിഹസിക്കാറില്ല. അവര്‍ പറഞ്ഞത് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. ഉള്ളിക്ക് വില വര്‍ധിക്കുമ്പോള്‍ നമ്മുടെ ധനമന്ത്രി അത് കഴിക്കാറില്ലെയെന്ന് പറയുമ്പോള്‍ അത് സര്‍ക്കാരിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്നും ചിദംബരം പറഞ്ഞു.

ഇന്നലെ ജാമ്യം ലഭിച്ചതിന് ശേഷം ചിദംബരം ഇന്ന് പാര്‍ലമെന്റില്‍ എത്തിയിരുന്നു. രാജ്യസഭാ നടപടികളിലും ചിദംബരം ഇന്ന് പങ്കെടുത്തിരുന്നു. 106 ദിവസമാണ് ചിദംബരം തീഹാര്‍ ജയിലില്‍ കിടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more