കോട്ടയം: സി.പി.ഐക്കെതിരെ എല്‍.ഡി.എഫില്‍ പരാതി നല്‍കാനൊരുങ്ങി കേരള കോണ്‍ഗ്രസ് (എം). സി.പി.ഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് പെരുമാറുന്നതെന്നും കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പറഞ്ഞു.
മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് സി.പി.ഐക്കെന്നും അനാവശ്യ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് പാര്‍ട്ടിയുടെ അവലോകന റിപ്പോര്‍ട്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
കടുത്തുരുത്തിയിലും പാലായിലും സി.പി.ഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസിന് എതിരായ സി.പി.ഐ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നത്.
എല്‍.ഡി.എഫില്‍ പരാതിപ്പെട്ടാലും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഭേദഗതി ചെയ്യില്ലെന്നാണ് സി.പി.ഐ എടുത്തിരിക്കുന്ന നിലപാട്. അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വന്തം കാര്യമാണെന്നും പരാതി ഉയര്‍ന്നാല്‍ എല്‍.ഡി.എഫിനെ ഇക്കാര്യം അറിയിക്കാനുമാണ് സി.പി.ഐയുടെ നിലപാട്.
പാലായിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്ന് സി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സി.പി.ഐയുടെ കൈവശമിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടി വന്നതുമുതല്‍ സി.പി.ഐ നേതൃത്വത്തിന് കേരള കോണ്‍ഗ്രസ് എമ്മിനോട് പ്രതിഷേധം ഉണ്ടായിരുന്നു.
നേരത്തെ സി.പി.ഐ നിലപാട് ബാലിശമാണെന്നും പാര്‍ട്ടി സ്വാധീനം അറിയണമെങ്കില്‍ പീരുമേട്ടിലെ സി.പി.ഐ എം.എല്‍.എ വാഴൂര്‍ സോമനോട് ചോദിക്കണമെന്നും കേരള കോണ്‍ഗ്രസ് പറഞ്ഞിരുന്നു.