| Monday, 24th April 2023, 8:15 am

ബി.ജെ.പിയുടെയോ ഗവണ്‍മെന്റിന്റെയോ ഉദ്ദേശത്തിലേക്ക് കടക്കുന്നില്ല; സഭയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ല: കുര്യാക്കോസ് മാര്‍ സേവേറിയോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ബി.ജെ.പി ഗവണ്‍മെന്റിന്റെയോ പാര്‍ട്ടിയുടെയോ ഉദ്ദേശത്തിലേക്ക് കടക്കുന്നില്ലെന്ന് ക്‌നാനായ മെത്രേപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയെ നേരില്‍ കാണുവാന്‍ സഭ തീരുമാനിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി ഗവണ്‍മെന്റിന്റെയോ പാര്‍ട്ടിയുടെയോ ഉദ്ദേശം എന്ത് തന്നെയായാലും അതിലേക്ക് കടയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ സഭയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ട ആളുകള്‍ ഉണ്ട്. ഞാന്‍ പ്രധിനിതിയായ ക്നാനായ സഭയിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്. സഭയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ല.

ക്രൈസ്തവര്‍ക്ക് വേണ്ടി ഇന്നത് ചെയ്യണമെന്നല്ല നാനാജാതി മതസ്ഥര്‍ ഒറ്റക്കെട്ടായി ദൈവത്തിന്റെ മക്കളാണെന്നും എല്ലാവരും സഹോദരി സഹോദരന്‍മാരാണെന്നുമുള്ള ചിന്ത പകര്‍ന്നു നല്‍കത്തക്ക വിധം എന്താണോ ഇന്ത്യാ ഗവണ്‍മെന്റിന് ചെയ്യാന്‍ സാധിക്കുന്നത് അത് ചെയ്ത് തരണമെന്ന് മാത്രമേ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ,’ അദ്ദേഹം പറഞ്ഞു.

ഈ സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും പ്രധാനമന്ത്രിയെ അറിയിക്കുക വഴി ജന നന്മയാണ് തന്റെ മനസിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ഷകര്‍ക്ക് എന്നും ദുരിതക്കടലാണെന്നാണ് മാധ്യമങ്ങളിലൊക്കെ വരുന്നത്. അതിനൊരു ശാശ്വത പരിഹാരം ഉണ്ടാകാന്‍ തക്കവണ്ണം ഇന്ത്യന്‍ സര്‍ക്കാരിന് പ്രത്യേകിച്ച് പ്രധാനമന്ത്രിയെ പോലെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്ക് ചലനാത്മകമായ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.

അതുകൊണ്ട് കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കാന്‍ വണ്ണം കര്‍ഷകരുടെ ദുരിതങ്ങള്‍ ശ്രദ്ധയില്‍പെടുത്തുവാനാണ് തീരുമാനം.

ശബരിമല എയര്‍പോര്‍ട്ട് സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും ആഗ്രഹമാണ്. ഇന്ത്യാ ഗവണ്‍മെന്റ് വിചാരിച്ചാലെ ആ സ്വപ്‌നം പൂവണിയുകയുള്ളൂ. അതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ അതിന്റേതായ നിയന്ത്രണങ്ങളോട് കൂടി അനുവദിക്കുന്നുവെന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെ മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് നല്‍കാമെങ്കില്‍ പരമാവധി നമ്മുടെ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിന് വേണ്ടി പോകുന്നത് തടയിടുകയും ചെയ്യാം.

വിദേശ സര്‍വകലാശാലകളിലൂടെ എന്തൊക്കെ ക്രമീകരണങ്ങളാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അത് പ്രൈവറ്റ് സെക്ടറില്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ഏറ്റവും നന്നായിരുന്നു,’ അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് കേരളത്തിലെത്തുന്നത്. കേരളത്തില്‍ വെച്ച് ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.

CONTENT HIGHLIGHT: Does not go into the intention of the BJP or the government; The Church has no particular politics: Kuriakos Mar Xaviers

We use cookies to give you the best possible experience. Learn more