| Saturday, 27th December 2014, 10:42 am

മദ്യ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താമരശേരി വിഷപ്പ് റെമിജിയോസ് ഇഞ്ചനാനയിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷം തോറും 10 ശതമാനം വീതം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും വീര്യം കൂടിയ മദ്യം 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും വിവരങ്ങള്‍ ബിഷപ്പിനെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിശദാംശങ്ങള്‍ പുറത്ത് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതില്‍ പ്രതിഷേധിച്ച് കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കഴിഞ്ഞ ദിവസം നില്‍പ്പ് സമരം നടത്തിയിരുന്നു.

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കരുത്, കൗമാരക്കാരില്‍ മദ്യപാനം വളര്‍ത്തുന്ന സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക,സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രൂപതകളുടെ നില്‍പ്പു സമരം.

മന്ത്രിമാരായ കെ.സി ജോസഫിനെതിരെയും കെ.ബാബുവിനെതിരെയും രൂക്ഷ വിമര്‍ശനമാണ് സമരക്കാര്‍ ഉന്നയിച്ചിരുന്നത്. കെ.സി ജോസഫിന്റെ പ്രസ്ഥാവനകള്‍ അന്തസിന് നിരക്കാത്തതാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കെ.സി. ജോസഫ് ഇരിക്കൂറിലെ കൊമ്പ് മുറിക്കരുതെന്നും കെ.സി.ബി.സി പറഞ്ഞിരുന്നു.

മന്ത്രി കെ. ബാബു കുടിയനെ പോലെയാണ് സംസാരിക്കുന്നതെന്നും. രണ്ടു പേരും ഉമ്മന്‍ചാണ്ടിക്കു വേണ്ടി ക്വട്ടേഷന്‍ പണി ചെയ്യുകയാണെന്നും കെ.സി.ബി.സി ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more