' നിങ്ങള്‍ ഇതുവരെ എന്തെങ്കിലും വായിച്ചിട്ടുണ്ടോ, സഭ്യതയുടെ അതിര്‍വരമ്പുകള്‍ താങ്കള്‍ ലംഘിച്ചിരിക്കുന്നു' ; രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന മോദിയുടെ പ്രസ്താവനക്കെതിരെ ചിദംബരം
D' Election 2019
' നിങ്ങള്‍ ഇതുവരെ എന്തെങ്കിലും വായിച്ചിട്ടുണ്ടോ, സഭ്യതയുടെ അതിര്‍വരമ്പുകള്‍ താങ്കള്‍ ലംഘിച്ചിരിക്കുന്നു' ; രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന മോദിയുടെ പ്രസ്താവനക്കെതിരെ ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 11:32 am

ലഖ്നൗ: മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നമ്പര്‍വണ്‍ അഴിമതിക്കാരനാരനായിരുന്നെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

1991 ല്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയെപ്പോലൊരാളെ അപമാനിക്കുക വഴി സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും മോദി ലംഘിച്ചിരിക്കുന്നെന്ന് ചിദംബരം പറഞ്ഞു.

താങ്കള്‍ക്ക് വായന എന്നൊരു ശീലമുണ്ടോയെന്നും ഇതുവരെ എന്തെങ്കിലും താങ്കള്‍ വായിച്ചിട്ടുണ്ടോയെന്നും ചിദംബരം ചോദിച്ചു.

ഒട്ടും അടിസ്ഥാനമില്ലാത്ത ആരോപണമാണ് മോദി ഉന്നയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധിക്കെതിരെ അന്നുയര്‍ന്ന എല്ലാ ആരോപണങ്ങളും ഹൈക്കോടതി തന്നെ നിഷേധിച്ചതാണ്.

” മോദി ഇതുവരെ എന്തെങ്കിലും വായിച്ചിട്ടുണ്ടോ? രാജീവ് ഗാന്ധിക്കെതിരെ ഉയര്‍ന്ന കേസുകള്‍ ദല്‍ഹി ഹൈകോടതി തന്നെ തള്ളിക്കളഞ്ഞതാണ്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആണ് അതെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഹൈക്കോടതിയുടെ ആ നടപടിക്കെതിരെ ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചിരുന്നില്ല എന്ന കാര്യം മോദിയ്ക്ക് അറിയുമോ? – ചിദംബരം ചോദിച്ചു.

ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോദി മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് മോദി പറഞ്ഞത്.

‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നായിരുന്നു മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

എന്റെ പ്രതിച്ഛായ തകര്‍ത്ത് എന്നെ ചെറുതാക്കി കാണിച്ച് കൊണ്ട് ദുര്‍ബ്ബല സര്‍ക്കാര്‍ ഉണ്ടാക്കുവാനാണ് ഇവരുടെ ലക്ഷ്യമെന്നും മോദി പറഞ്ഞിരുന്നു. ബൊഫോഴിസിനെ കുറിച്ച് പരാമര്‍ശിച്ച മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞിരുന്നു.

ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.