സത്യം പറഞ്ഞാല്‍ വല്ലാത്ത കുറ്റബോധം തോന്നുന്നുണ്ട്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ മലയാളിയായ ശ്രീജേഷിനെ ആഘോഷിക്കാനുള്ള അവകാശം എനിക്കുണ്ടോ എന്ന് സ്വയം ചിന്തിക്കുകയാണ്. അര്‍ഹിച്ച പിന്തുണ ഞാന്‍ എന്നെങ്കിലും ശ്രീജേഷിന് നല്‍കിയിട്ടുണ്ടോ? കേരളീയ സമൂഹം അദ്ദേഹത്തോടും ഹോക്കി എന്ന കളിയോടും നീതി കാണിച്ചിട്ടുണ്ടോ?
കേരളത്തില്‍ ഹോക്കിയ്ക്ക് ജനപ്രീതിയില്ല. നല്ല പരിശീലകരില്ല. മികച്ച കോച്ചിങ്ങ് കേന്ദ്രങ്ങളില്ല. അടിസ്ഥാനസൗകര്യങ്ങള്‍ പോലും കുറവാണ്. പത്രങ്ങളിലെ സ്‌പോര്‍ട്‌സ് പേജില്‍ വരുന്ന ചെറിയ വാര്‍ത്തകളില്‍ ഒതുങ്ങിപ്പോവാറുള്ള ഗെയിമാണ് ഹോക്കി.
ഒരിക്കല്‍ ശ്രീജേഷ് അഭിപ്രായപ്പെടുകയുണ്ടായി.
‘ജന്മനാട്ടില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ഏതൊരു സ്‌പോര്‍ട്‌സ് താരത്തിന്റെയും ഊര്‍ജ്ജം. എനിക്ക് ഒരുകാലത്തും അത് കിട്ടിയിട്ടില്ല. ആദ്യമൊക്കെ നല്ല സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ ഈ അവഗണനയോട് ഞാന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു…!’
അങ്ങനെയുള്ള ശ്രീജേഷിന്റെ മെഡല്‍ നേട്ടത്തില്‍ അഭിമാനം കൊള്ളാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? ഈ അവസരത്തില്‍ അഭിമാനത്തേക്കാള്‍ അഭികാമ്യം തിരിച്ചറിവാണ്. ഇനിയെങ്കിലും ശ്രീജേഷുമാര്‍ അവഗണിക്കപ്പെടരുത് എന്ന തിരിച്ചറിവ്!
റാഞ്ചി എന്ന ചെറുപട്ടണത്തില്‍ ഒരു പമ്പ് ഓപ്പറേറ്ററുടെ മകനായി ജനിച്ച് ലോകം കീഴടക്കിയ എം.എസ്. ധോനിയുടെ കഥ നമുക്കറിയാം. കേരളത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ഒളിമ്പിക്‌സ് വെങ്കലം വരെ വളര്‍ന്ന ശ്രീജേഷിന്റെ കഥയും നാം കേള്‍ക്കണം.
ക്രിക്കറ്റിലെ വന്മതില്‍ രാഹുല്‍ ദ്രാവിഡ് ആണെന്ന് നമുക്കറിയാം. ഹോക്കിയില്‍ ആ വിശേഷണമുള്ളത് ശ്രീജേഷിനാണെന്ന് നാം മനസ്സിലാക്കണം.
ചരിത്രം എന്നും ഗോളടിച്ചവരുടെ കൂടെയാണ്. ബ്രോണ്‍സ് മെഡല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയ ഹര്‍മന്‍ പ്രീത് സിങ്ങ്, സിമ്രോണ്‍ ജീത് സിങ്ങ്, ഹാര്‍ദ്ദിക് തുടങ്ങിയവര്‍ വാഴ്ത്തപ്പെടും. പക്ഷേ ഗോള്‍കീപ്പറായ ശ്രീജേഷ് നടത്തിയ അവിശ്വസനീയമായ സേവുകളാണ് കളിയില്‍ നിര്‍ണായകമായത്.
ശ്രീജേഷ് ഇല്ലായിരുന്നുവെങ്കില്‍ ജര്‍മ്മന്‍ പട ഒരു ഗോള്‍മഴ തന്നെ പെയ്യിക്കുമായിരുന്നു. ഇന്ത്യന്‍ ഡിഫന്‍സിന്റെ പോരായ്മകളെ ഒരു പരിധിവരെ മറച്ചുപിടിച്ചത് ശ്രീജേഷിന്റെ പ്രാഗത്ഭ്യമാണ്.
ഇന്ത്യന്‍ ഹോക്കിയിലെ 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത് സമ്മര്‍ദങ്ങളില്‍ പതറാത്ത ശ്രീജേഷിന്റെ മനഃസ്സാന്നിദ്ധ്യമാണ്. ശ്രീജേഷ് ഓര്‍മ്മിക്കപ്പെടണം എന്ന് ചരിത്രത്തിനുപോലും നിര്‍ബന്ധമുണ്ടെന്ന് തോന്നുന്നു. കളിയുടെ അവസാന മിനുറ്റില്‍ ശ്രീജേഷ് തടുത്തിട്ട പെനാല്‍റ്റി ഒരുകാലത്തും വിസ്മരിക്കപ്പെടില്ല. അതിന്റെ ബലത്തിലാണ് ഇന്ത്യ 5-4ന് ജയിച്ചുകയറിയത്.
ഹോക്കി ഇന്ത്യയുടെ ദേശീയ വിനോദമാണെന്ന് പഠിപ്പിച്ചതുകൊണ്ട് മാത്രം പ്രയോജനമില്ല. ആ കളിയ്ക്ക് പ്രോത്സാഹനം ലഭിക്കണം. ശ്രീജേഷുമാര്‍ അംഗീകരിക്കപ്പെടണം. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി കുരുന്നുകള്‍ ഹോക്കി സ്റ്റിക് കൈയ്യിലെടുക്കണം. രണ്ട് പാരഗ്രാഫ് പത്രവാര്‍ത്തയില്‍ ഒതുങ്ങിപ്പോവേണ്ട ആളല്ല ശ്രീജേഷ്. അദ്ദേഹം കേരളത്തിന്റെ ഏറ്റവും വലിയ അഭിമാനസ്തംഭമാണ്…!
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Does Malayalee deserve to celebrate P R Sreejesh’s victory – Sandeep Das writes