വിരാട് കോഹ്‌ലിയോട് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന് പറഞ്ഞതുപോലെ രോഹിത് ശര്‍മയോടും ഇക്കാര്യം പറയാന്‍ തയ്യാറുമോ എന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയോട് ഓസീസ് മുന്‍ സൂപ്പര്‍സ്റ്റാര്‍ മാത്യു ഹെയ്ഡന്‍.
ഐ.പി.എല്ലില്‍ മോശം ഫോം തുടരുന്നതിനിടെയാണ് കോഹ്‌ലിയോട് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കാന്‍ രവി ശാസ്ത്രി പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് വിരാട് തത്കാലത്തേക്കെങ്കിലും ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി നിര്‍ദേശിക്കുന്നത്. അടിയന്തരമായി വിരാട് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണമെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
‘ഞാന്‍ നേരിട്ട് വിഷയത്തിലേക്ക് വരാം. വിരാട് കോഹ്‌ലി അത്യധികം പരിക്ഷീണിതനായിരിക്കുന്നു. ഇപ്പോള്‍ ആര്‍ക്കെങ്കിലും ഇടവേളയാവശ്യമായിട്ടുണ്ടെങ്കില്‍ അത് കോഹ്‌ലിക്ക് മാത്രമാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പോ ശേഷമോ രണ്ട് മാസം അല്ലെങ്കില്‍ ഒരു മാസം അതുമല്ലെങ്കില്‍ 15 ദിവസമെങ്കിലും കോഹ്‌ലി അടിയന്തരമായി വിശ്രമമെടുക്കണം,’ രവി ശാസ്ത്രി പറയുന്നു.
ഐ.പി.എല്ലില്‍ ഒന്നിന് പിറകെ ഒന്നായി മത്സരങ്ങളില്‍ പരാജയപ്പെടുകയും മോശം ഫോം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്‌കിപ്പര്‍ രോഹിത് ശര്‍മയോടും ഇതേ കാര്യം പറയുമോ എന്നാണ് ഹെയ്ഡന്‍ ചോദിക്കുന്നത്.
‘രോഹിത്തിനോടും അദ്ദേഹം ഇക്കാര്യം തന്നെ പറയുമോ? ഞാന്‍ പറയുന്നത് ഇവര്‍ എല്ലായ്‌പ്പോഴും ക്രിക്കറ്റ് കളിക്കുന്നവരാണ്. ഐ.പി.എല്ലടക്കമുള്ള ടൂര്‍ണമെന്റുകള്‍ കളിക്കുന്നവരാണ്. ഇത്തരം ടൂര്‍ണമെന്റുകള്‍ ഒന്നിന് പിന്നാലെ ഒന്നായി പെട്ടന്ന് വന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലേക്ക് എല്ലാവരും പെട്ടന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ കോഹ്‌ലി മിടുക്കനായിരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ അവര്‍ ഒരു നിമിഷത്തിലേക്കെങ്കിലും സമ്മര്‍ദ്ദത്തിലാവുന്നു,’ ഹെയ്ഡന്‍ പറയുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും രോഹിത് ശര്‍മ പരാജയം തന്നെയായിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്തായിരുന്നു താരം പുറത്തായത്.
ഇതുവരെയുള്ള 11 മത്സരത്തില്‍ നിന്നും 200 റണ്‍സ് മാത്രമാണ് രോഹിത് സ്വന്തമാക്കിയത്. സ്‌ട്രൈക്ക് റേറ്റ് 125 ഉണ്ടെങ്കിലും 18.18 മാത്രമാണ് താരത്തിന്റെ ആവറേജ്.
മോശം ഫോം തുടരുകയും പരമ്പരകളും ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രോഹിത്തിനോട് വിശ്രമമെടുക്കാന്‍ ശാസ്ത്രി നിര്‍ദേശിക്കുമോ എന്ന് ഹെയ്ഡന്‍ ചോദിക്കുന്നത്.