ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് തെളിയിക്കാനാകുമോ എന്ന് ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടിയെ വെല്ലുവിളിച്ച് ഡോക്ടര്‍ ജി.ആര്. രവീന്ദ്രനാഥ്. ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നതിനായി വി. കാമകോടി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ഡോക്ടേഴ്സ് അസോസിയേഷന് ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (ഡി.എ.എസ്.ഇ) ജനറല്‍ സെക്രട്ടറിയാണ് രവീന്ദ്രനാഥ്. ഗോമൂത്രത്തെ പുകഴ്ത്തിയുള്ള കാമകോടിയുടെ പരാമര്‍ശങ്ങള്‍ പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡെങ്കിപ്പനി, പന്നിപ്പനി, കൊവിഡ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന കാലത്ത്, ഡോക്ടറെ കാണുന്നതിന് പകരം ആളുകള്‍ ഗോമൂത്രം കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്നും രവീന്ദ്രനാഥ് ചോദിച്ചു. തെറ്റായ പരാമര്‍ശങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ഐ.ഐ.ടി ഡയറക്ടറുടെ സ്ഥാനത്ത് നിന്ന് വി. കാമകോടിയെ മാറ്റണമെന്നും രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. നടപടി ഉണ്ടാകാത്തപക്ഷം കാമകോടിക്കെതിരെ ഡി.എ.എസ്.ഇ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാമകോടിയുടെ ഗോമൂത്ര പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ഒരു പൊതുസംവാദത്തിന് തയ്യാറാണെന്നും ഡോക്ടര്‍ അറിയിച്ചു. ഗോമൂത്രവും ചാണകവും കഴിക്കുന്നത് ടൈഫോയ്ഡ്, ഇ.കോളി അണുബാധ, ടേപ്പ് വേം ബാധ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍ രവീന്ദ്രന് പറഞ്ഞു.
ഇന്നലെ (ചൊവ്വ) ഐ.ഐ.ടി ഡയറക്ടറെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജന് രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കുന്നത് ശരിയാണെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ലെന്ന് ചോദിച്ചാണ് ബി.ജെ.പി നേതാവ് വിവാദങ്ങളില്‍ പ്രതികരിച്ചത്.
കാമകോടിയെ വിമര്‍ശിക്കുന്നത് അനാവാശ്യമാണെന്നും തമിഴിസൈ സൗന്ദരരാജന് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നവര്‍ സ്വയം ചികിത്സക്കായി കപടമായി അലോപ്പതിയെ സമീപിക്കുന്നുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രന് ചൂണ്ടിക്കാട്ടി.
ചെന്നൈയില്‍ നടന്ന ഒരു ഗോപൂജ ചടങ്ങില്‍ വെച്ചാണ് വി. കാമകോടി വിചിത്ര പരാമര്‍ശം നടത്തിയത്. ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നുമാണ് കാമകോടി പറഞ്ഞത്.
ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞിരുന്നു. അതേസമയം സംഭവം വിവാദമായതിന് പിന്നാലെ തന്റെ വാദത്തെ ന്യായീകരിച്ചും കാമകോടി രംഗത്തെത്തിയിരുന്നു.
ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നുമായിരുന്നു ന്യായീകരണം. ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറയുകയായിരുന്നു.
Content Highlight: Does drinking cow urine cure the disease? ready to debate; The doctor challenged the IIT director