'ഓര്‍മ്മയുണ്ടോ ഡോ. കഫീല്‍ ഖാനെ?'; യോഗിയുടെ ഗൊരാഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍
national news
'ഓര്‍മ്മയുണ്ടോ ഡോ. കഫീല്‍ ഖാനെ?'; യോഗിയുടെ ഗൊരാഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 8:33 pm

ലഖ്‌നൗ: “പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചെന്നും ഹീറോ ആയെന്നും കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കികോളാം”. എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചതിനു പിന്നാലെ ഗൊരാഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രി സന്ദര്‍ശിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോ കഫീല്‍ ഖാനോട് പറഞ്ഞ വാക്കുകളാണിത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍.

എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകളായിരു പുറത്തുവന്നത്. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി.

ഡോക്ടര്‍മാരുടെ അടുത്ത് നിന്നുണ്ടായ വീഴ്ചയാണ് കുട്ടികളുടെ മരണത്തിനു കാരണമെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. കുട്ടികളുടെ മരണത്തിനു പിന്നാലെ കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്നു സസ്പന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. യോഗി ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍ എന്നാണ് ദേശീയ മാധ്യമമായ “ദ സിറ്റിസണ്‍” റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തം പണം ചിലവാക്കിയാണ് കഫീല്‍ ഖാന്‍ പ്രതിസന്ധിഘട്ടത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ദൃശ്യമാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഓക്സിജന്‍ സിലിണ്ടറിന് സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ സിലിണ്ടുകള്‍ ലഭിക്കാതിരുന്നതെന്നും കഫീല്‍ ഖാന്‍ ഈ സമയത്ത് വ്യക്തമാക്കിയിരുന്നു.

സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന പുഷ്പ സെയില്‍ പല തവണ ആശുപത്രി അധികൃതരേയും സര്‍ക്കാരിനേയും ഇക്കാര്യം അറിയിച്ചിരുന്നു. ഈ വിവരം പുറത്തു വന്നതായിരുന്നു സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയത്. ആ സമയത്ത് കഫീല്‍ ഖാനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു.

ഈ സമയത്ത് കഫീല്‍ ഖാനുമായി സിറ്റിസണ്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും “അവര്‍ എന്റെ പിന്നാലെയുണ്ട്. എനിക്ക് ഒന്നും സംസാരിക്കാനാവില്ല” എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കഫീല്‍ വളരെയധികം ഭയപ്പെട്ടിരിക്കുന്നതായും അദ്ദേഹം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സിറ്റിസണിനോട് ആ സമയത്ത് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടിരുന്നെങ്കിലും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ ഡോ.കഫീല്‍ ഖാന്‍ ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തെറ്റുകയായിരുന്നു. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറില്‍ കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മറ്റ് രണ്ട് ഡോക്ടര്‍മാരുടെ കൂടെ നിന്ന് അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേയ്ക്ക് മാറ്റി.

എന്നാല്‍ കഴിഞ്ഞ കുറച്ച ദിവസമായി കഫീല്‍ ഖാനെ കാണാന്‍ ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല. “അമിത സമ്മര്‍ദ്ദവും അസുഖവുമാണെന്നാ”ണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത്.

സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജില്ല മജ്സിട്രേറ്റിന്റേയും ചീഫ് സെക്രട്ടറിയുടേയും അന്വേഷണങ്ങളും കഫീല്‍ ഖാനെതിരെയുണ്ടായി. മേലധികാരികളെ അറിയിക്കാതെ, അനുവാദമില്ലാതെ ലീവ് എടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയുള്ള കുറ്റങ്ങളാണ് കഫീല്‍ ഖാനെതിരെ ചുമത്തപ്പെട്ടത്. കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുന്ന കഫീല്‍ ഖാന് ഇതുവരെയും ജാമ്യം അനുവദിക്കപ്പെട്ടിട്ടില്ല. ജാമ്യാപേക്ഷകള്‍ കോടതി നിരന്തരം തള്ളുകയാണ്.

Watch This Video: