ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഞൊടിയിടയില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്‌ട്രേലിയ: 337 & 19/0 (T:19)
ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക. മത്സരത്തിന് മുമ്പേ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷ്.
രോഹിത്തിന്റെ സ്ലോട്ടായ ഓപ്പണിങ്ങില്‍ നിന്ന് കെ.എല്‍ രാഹുലിനെ മാറ്റി ക്യാപ്റ്റന്‍ രോഹിത്തിനെ തന്റെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന് മുന്‍ താരങ്ങളായ രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറും പറഞ്ഞിരുന്നു. ഇതോടെ ഗണേഷ് രോഹിത്തിനെ ഓപ്പണിങ് ഇറക്കുന്നത് വിഡ്ഢിത്തമാണെന്ന് പറയുകയാണ്. ഗബ്ബയില്‍ രോഹിത് ഓപ്പണ്‍ ചെയ്താല്‍ അറവ് ശാലയിലേക്കുള്ള ആട്ടിന്‍കുട്ടിയാകുമെന്നാണ് മുന്‍ താരം പറഞ്ഞത്. ദൊഡ്ഡ ഗണേഷ് തന്റെ അഭിപ്രായം എക്‌സില്‍ കുറിക്കുകയായിരുന്നു.
‘രോഹിത് ശര്‍മയ്ക്ക് ഇപ്പോള്‍ കോണ്‍ഫിഡന്‍സും റണ്‍സും കുറവാണ്. ഗബ്ബയില്‍ അവനെ ഓപ്പണിങ് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്ന വിദഗ്ധര്‍ വിഡ്ഢിത്തമാണ് പറയുന്നത്. ബാറ്റ്‌കൊണ്ട് കുറച്ച് റണ്‍സ് നേടാന്‍ അവന്‍ ഉപഭൂഖണ്ഡത്തിലെ പരമ്പരയല്ല കളിക്കുന്നത്. അവന്‍ ഓപ്പണ്‍ ചെയ്താല്‍ അറവുശാലയിലേക്കുള്ള ആട്ടിന്‍കുട്ടിയാകും,’ അദ്ദേഹം എക്സില്‍ എഴുതി.
കഴിഞ്ഞ ആറ് ടെസ്റ്റുകളില്‍ നിന്ന് 11.83 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. മാത്രമല്ല ഫോമില്ലാതെ രോഹിത് ഓപ്പണിങ് ചെയ്താല്‍ ഓസീസ് പേസര്‍മാരുടെ ഇരയാകുമെന്നത് ഉറപ്പാണ്. നിലവില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ യശസ്വി ജെയ്‌സ്വാളും കെ.എല്‍ രാഹുലുമാണ്. ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഇരുവരും അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ മങ്ങിയിരുന്നു.
Content Highlight: Dodda Ganesh Talking About Rohit Sharma