തിയേറ്റര്‍ / ആഷ രാജു
വര്‍ഷങ്ങള്‍ നീണ്ട യുദ്ധം ഇവിടത്തെ പാവപ്പെട്ട ജനതയ്ക്ക് സമ്മാനിച്ചതും മറ്റൊന്നുമല്ല. ഉറ്റവരും ഉടയവരും എവിടെയെന്നറിയാതെ ഒരുപറ്റമാളുകള്‍. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീര്‍ച്ചയില്ലാത്തവരുടെ തിരിച്ചുവരവിനായി കണ്ണീരും പ്രാര്‍ത്ഥനയുമായി കാത്തിരിക്കുന്നവര്‍…അവരുടെ കണ്ണീരില്‍ നിന്നും ഒരു ഡോക്യുമെന്ററി ജനിക്കുന്നു..
സ്വതന്ത്ര ചലച്ചിത്രനിര്‍മ്മാതാവും കവയിത്രിയുമായ ലീന മണിമേഘലയാണ് കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം ഈ ദ്വീപിനെ “നനവാര്‍ന്നതാക്കി”മാറ്റിയ കണ്ണീര്‍ച്ചാലുകള്‍ ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നത്.
“നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം, ബലാത്സംഗം ചെയ്യപ്പെടാം, ഒരു പക്ഷേ ഇനി കാണാതെയാവുന്നത് നിങ്ങളെത്തന്നെ ആയിരിക്കാം. ഇതിന് മുതിരരുത്.” ഡോക്യുമെന്ററിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ചവരെക്കാള്‍ നിരുത്സാഹപ്പെടുത്തിയവരാണധികം. സംവിധായിക ഓര്‍ക്കുന്നു.
അത് മൂന്നു മാസം മുമ്പുള്ള കഥ
എന്നാലിന്ന് “വൈറ്റ് വാന്‍ സ്‌റ്റോറീസ്” എന്ന ഈ ഡോക്യുമെന്ററി അവസാനഘട്ട മിനുക്കുപണികളിലാണ്. ഇപ്പോള്‍ ലീനയ്ക്കു മുമ്പിലുള്ളത് പുതിയ പുതിയ വെല്ലുവിളികളാണ്.
[]ചിത്രീകരണമല്ല ഇന്ന് അവരുടെ മുമ്പിലുള്ള ആശങ്ക. നിരന്തരം തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന ഒരു രാജ്യത്ത്… ഇമ ചിമ്മാതെ നില്‍ക്കുന്ന പട്ടാളക്കണ്ണുകള്‍ക്കു മുമ്പില്‍… ജീവന്‍ പണയപ്പെടുത്തി നിര്‍മിച്ച… ജീവനോളം വിലയുള്ള ഈ ഡോക്യുമെന്ററി ആഗോളതലത്തിലുള്ള പ്രേക്ഷകരില്‍ എത്തിക്കണം. അതാണ് അടുത്ത ലക്ഷ്യം.
“ശ്രീലങ്കയിലെ തമിഴ് ജനതയുടെ പുനരധിവാസത്തെക്കുറിച്ചും അവര്‍ക്കു നീതി ലഭ്യമാക്കുന്നതിനെക്കുറിച്ചും ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ പട്ടാളത്തിനു മുമ്പില്‍ ശബ്ദമുയര്‍ത്താന്‍ പോലും ഭയപ്പെടുന്ന ഒരു ജനതയെ ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടുകയായിരുന്നു എന്റെ ലക്ഷ്യം. പട്ടാളത്തിന്റെ സാന്നിധ്യം അവിടത്തെ ജനതയെ ഭയപ്പെടുത്തുകയാണ്.”
അടുത്തപേജില്‍ തുടരുന്നു
“കൊലപാതകവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് അവസാനമുണ്ട്. എന്നാല്‍ കാണാതാകുന്നവ അങ്ങനെയല്ല. ഒരു കലാകാരി എന്ന നിലയില്‍ പരമാവധി ഹൃദയങ്ങളെ സ്വാധീനിക്കുകയാണ് ലക്ഷ്യം” ലീന കൂട്ടിച്ചേര്‍ക്കുന്നു.
ചിലപ്പോള്‍ ഇരുളിന്റെ നിശബ്ദതയില്‍.. മറ്റു ചിലപ്പോള്‍ പകലിന്റെ കോലാഹലങ്ങള്‍ക്കിടയില്‍.. പട്ടാളവേഷത്തിലോ അയല്‍വാസിയെപ്പേലെയോ ആയിരിക്കാം അവര്‍ എത്തുന്നത്. ചോദ്യമോ ഉത്തരമോ കൂടാതെ അവരോടൊപ്പം പോയേ മതിയാകൂ.
നിലവിട്ടു കരയുന്ന ബന്ധുമിത്രാദികളെ പിന്നിലാക്കി അവരോടൊപ്പം വെളുത്ത നിറമുള്ള വാനിലേയ്ക്ക്.. അതാണ് അവസാനം. ജീവിച്ചിരിക്കുന്നു എന്നതിന്റെ അവസാനതെളിവും അവിടെ ഇല്ലാതാകുന്നു.
സമൂഹത്തിലോ സര്‍ക്കാര്‍ രേഖകളിലോ ആ നിമിഷം മുതല്‍ അങ്ങനെയൊരു വ്യക്തിയില്ല…കണ്ണീര്‍ പടര്‍ന്നൊഴുകുന്ന ചില മനസ്സുകളിലൊഴികെ.
ഒരു വശത്തു നിന്നു മാത്രമുള്ള ഒരു കാഴ്ചയല്ല “വൈറ്റ് വാന്‍ സ്‌റ്റോറീസ”്. കഴിഞ്ഞ ഓഗസ്റ്റില്‍ ജാഫ്‌നയില്‍ നടന്ന റാലിയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ഒരാള്‍ വികാരഭരിതനായി, എന്നാല്‍ കരുത്തോടെ വിളിച്ചുപറഞ്ഞതു പോലെ “എല്‍.ടി.ടി.ഇയ്‌ക്കോ ലങ്കന്‍ സേനയ്‌ക്കോ എതിരല്ല ഞങ്ങള്‍. ഈ യുദ്ധം ആരംഭിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു. കാണാതെ പോയ ഞങ്ങളുടെ ബന്ധുക്കള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.”
കഴിഞ്ഞ ജൂലൈയില്‍ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോഴാണ് ഈയൊരു വിഷയത്തെക്കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയതെന്ന് ലീന പറയുന്നു. 2009ലെ യുദ്ധത്തില്‍ കാണാതായ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകളുടെ കഥകളാണ് അവിടെ ലീനയെ കാത്തിരുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്നറിയാനുള്ള പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ് ഈ ഡോക്യുമെന്ററിയുടെ കേന്ദ്രബിന്ദു.
ഈ മാസം അവസാനത്തോടെ ഡോക്യുമെന്ററി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ലീന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. “കൊലപാതകവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് അവസാനമുണ്ട്. എന്നാല്‍ കാണാതാകുന്നവ അങ്ങനെയല്ല. ഒരു കലാകാരി എന്ന നിലയില്‍ പരമാവധി ഹൃദയങ്ങളെ സ്വാധീനിക്കുകയാണ് ലക്ഷ്യം” ലീന കൂട്ടിച്ചേര്‍ക്കുന്നു.
അരവിന്ദ്, തങ്കരാജ്, അരുണ്‍ വര്‍മ, അജിത് കുമാര്‍, ശ്രീനിവാസന്‍, ക്രിസ്റ്റി ഭരത് എന്നിവരാണ് വൈറ്റ് വാന്‍ സ്‌റ്റോറീസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ചെന്നൈ സ്വദേശിനിയായ ലീന ഇതുവരെ ഒന്‍പത് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആഘോഷിക്കപ്പെടുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒതുങ്ങിപ്പോകുന്ന സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കാണ് ലീന മണിമേഘല ജീവന്‍ നല്‍കുന്നത്.
‘സിനിമ എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമാണ്’ (അഭിമുഖം: ലീന മണിമേഘല)
‘സെങ്കടല്‍’ അഥവാ മനുഷ്യ രക്തം നിറച്ച കടല്‍… (അഭിമുഖം: ലീന മണിമേഘല)