| Wednesday, 18th July 2018, 5:40 pm

ഓസ്‌കാറിനൊന്നും അയയ്ക്കണ്ട, നാട്ടിലെ മേളയിലെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ മതി: ചലച്ചിത്ര അക്കാദമിക്ക് ഡോക്യുമെന്ററി സംവിധായകരുടെ തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം മേളയിലെ മികച്ച ഡോക്യുമെന്ററിയെ ഓസ്‌കാര്‍ മത്സരവേദിയിലെത്തിക്കുമെന്ന അക്കാദമിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് സംവിധായകരുടെ തുറന്ന കത്ത്. അക്കാദമിക്ക് മലയാള സിനിമകളോടുള്ള അവഗണന ചൂണ്ടിക്കാട്ടിയാണ് മേളയില്‍ പ്രദര്‍ശനാനുമതി നിരസിക്കപ്പെട്ട ചിത്രങ്ങളുടെ സംവിധായകര്‍ രംഗത്തുവന്നിരിക്കുന്നത്.

അക്കാദമി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ നടത്തിയ ചില “കനപ്പെട്ട” ആകര്‍ഷണങ്ങളാണ് തങ്ങളെ കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന മുഖവുരയോടെ ആരംഭിക്കുന്ന കത്തില്‍ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ നേരിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സി ആയി സംസ്ഥാന ചലച്ചിത്ര അക്കാദമി മാറിയതിലെ ആശ്ചര്യവും പങ്കുവയ്ക്കുന്നുണ്ട്. ലോങ്ങ് ഡോക്യുമെന്ററിയിനത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു ചിത്രം പേലും ഇടം പിടിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഓസ്‌കര്‍ വേദിയിലേക്കുള്ള പ്രവേശനം പ്രാദേശിക ചിത്രങ്ങള്‍ക്കു ബാധകമായിരിക്കില്ലെന്നും കത്തില്‍ പരിഹാസസൂചകമായി കുറിച്ചിട്ടുണ്ട്.

ഓസ്‌കര്‍ ക്വാളിഫൈയിങ്ങ് ആയ ഇരുപത്തിയെട്ടു ചലച്ചിത്രമേളകളില്‍ ഒന്നാണ് കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം മേളയെന്ന് അഭിമാനിക്കുമ്പോഴും മറ്റ് ഇരുപത്തിയേഴു മേളകളിലും തദ്ദേശീയ ചലച്ചിത്രങ്ങള്‍ക്ക് പ്രത്യേക സംവരണമുണ്ടെന്നത് അക്കാദമി ശ്രദ്ധിക്കണമെന്നും സംവിധായകര്‍ വിശദീകരിക്കുന്നു. ഓസ്‌കാര്‍ വേദിവരെ എത്തിച്ചില്ലെങ്കിലും നാട്ടില്‍ നടക്കുന്ന മേളകളിലെങ്കിലും പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.


Also Read: മലയാള സിനിമകളെ അക്കാദമിക്ക് വേണ്ട : സാങ്കേതിക കാരണങ്ങളാല്‍ ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ച് അക്കാദമി


നേരത്തേ, സാങ്കേതിക കാരണങ്ങളാല്‍ മലയാളചിത്രങ്ങള്‍ മേളയില്‍ നിന്നും തഴയുകയാണെന്ന പ്രസ്താവനയുമായി സംവിധായകന്‍ കെ.ആര്‍.മനോജ് അക്കാദമിക്കെതിരെ മുന്നോട്ടു വന്നിരുന്നു. മനോജിനൊപ്പം ബാബു കാമ്പ്രത്ത്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, അനീസ് കെ മാപ്പിള, അശ്വിന്‍ കൃഷ്ണകുമാര്‍, ഷിജിത് വി പി, പ്രതാപ് ജോസഫ് എന്നീ സംവിധായകര്‍ ചേര്‍ന്നാണ് അക്കാദമിക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

മേളയില്‍ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്ന ഡോക്യുമെന്ററിയെ ഓസ്‌കര്‍ അവാര്‍ഡിനായി മത്സരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ പറഞ്ഞിത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ മേളയുമായി സഹകരിച്ച് ഇത്തരത്തിലൊരു നീക്കം നടത്താന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തയ്യാറായതെന്നും ബീനാ പോള്‍ പറഞ്ഞിരുന്നു.

കത്തിന്റെ പൂര്‍ണരൂപം:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗങ്ങക്കുള്ള തുറന്ന കത്ത്

പ്രിയരേ ,

പതിനൊന്നാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേളയുടെ മുന്നോടിയായി ഇന്നലെ അക്കാദമി ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ ചില “കനപ്പെട്ട” ആകർഷണങ്ങൾ ആണ് ഞങ്ങളെ ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത് . മേളയിലെ മികച്ച ലോങ്ങ് ഡോക്യുമെന്ററി യെ നേരിട്ട് ഓസ്കാർ മത്സരവേദിയിൽ എത്തിക്കും എന്ന പ്രസ്താവന ഞങ്ങൾക്കുണ്ടാക്കിയ അത്ഭുതം പറഞ്ഞറിയിക്കാതെ വയ്യ. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൻറെ നേരിട്ടുള്ള റിക്രൂട്ടിങ് ഏജൻസി ആയി സംസ്ഥാന ചലച്ചിത്ര അക്കാദമി (കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേള ) മാറിയ വിവരം ഞങ്ങളിൽ ഉണ്ടാക്കിയ ആശ്ചര്യവും അങ്കലാപ്പും ഒപ്പം പങ്കുവയ്ക്കുന്നു . റിക്രൂട്ട് ചെയ്യപ്പെടുന്ന ചിത്രത്തിന് അവിടെ മത്സരിക്കാനുള്ള ചെല്ലും ചെലവും അക്കാദമി നൽകും എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു . മുൻപ് ഇവിടെ നിന്ന് ഓസ്കാർ മത്സരത്തിന് പോയ ചില ഫീച്ചർ ഫിലിം നിർമ്മാതാക്കൾ മത്സരം കഴിഞ്ഞു സാമ്പത്തികമായി തരിപ്പണമായിപ്പോയ കാഴ്ചയാണ് ഞങ്ങളുടെ അങ്കലാപ്പിനു ഒരു കാരണം. ഫീച്ചർ ഫിലിം നിർമ്മാതാക്കളുടെ ഗതി അതാണെങ്കിൽ ഞങ്ങൾ ഡോക്യുമെന്ററി ക്കാരുടെ അവസ്ഥ എന്താവും !

ഒരു വർഷം ലോകത്തെമ്പാടും സൃഷ്ടിക്കപ്പെടുന്ന എണ്ണമറ്റ നോൺ ഫീച്ചറുകളിൽ നിന്നും തങ്ങൾക്കു വേണ്ടവ തരപ്പെടുത്താനുള്ള ചുളു വഴിയാണ് അമേരിക്കൻ അക്കാദമി നടത്തുന്നതെന്ന് ചില ദോഷൈകദൃക്കുകൾ പറഞ്ഞുനടപ്പുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേത് ഒരു വലതു പക്ഷ വ്യതിയാനം ആണെന്നും, നമ്മുടെ ഏഷ്യ – ആഫ്രിക്ക – ലാറ്റിനമേരിക്കപക്ഷപാതമൊക്കെ ആവിയാവുന്ന ലക്ഷണമാണെന്നുമൊക്കെ ഗൊദാർദ് തലയ്ക്കു പിടിച്ച, ഓസ്കാർ വിരുദ്ധരായ അവർ മുറുമുറുക്കുന്നു. വിവരക്കേട് പറയരുത് , കേരളം പോലൊരു മൂന്നാം ലോകത്തിനു ലഭിച്ച സൗഭാഗ്യമാണ് ഇതെന്ന് പുരോഗമനകാരികൾ ​അവരെ തിരുത്തുന്നുമുണ്ട്. എന്തായാലും ഇസ്രായേലിലെ ഡോക്കവിവ് ഫെസ്റ്റിവലുകാർ അഭിമാനിക്കും പോലെ(അവരുടെ ഉൾപ്പുളക ഇ മെയിൽ ഞങ്ങളിൽ പലർക്കും കിട്ടി) നമ്മുടെ മേള ഓസ്കാർ ക്വാളിഫയിങ് ആയ ഇരുപത്തെട്ടിൽ ഒന്നായതിൽ (അതും ഇൻഡ്യയിൽ നിന്നുള്ള ഒരേയൊരു മേള ) ​ഞങ്ങളും പുളകം കൊള്ളുന്നു .

ഓസ്കാർ ഭാവി യെ കുറിച്ചുള്ള രോമാഞ്ചവും ആശങ്കകളും വിയോജിപ്പുകളുമൊക്കെ പങ്കു വയ്ക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരു കാര്യം ഓർത്തത്. ഈ പറയുന്ന ലോങ്ങ് ഡോക്യൂമെന്ററിയിൽ കേരള ത്തിൽ നിന്നുള്ള / മലയാളം പറയുന്ന ഒരു ചിത്രം പോലുമില്ലല്ലോ!​അവിടെപ്പോലും എത്താതെ എന്ത് ഓസ്കാർ ! അപ്പൊ ഓസ്കാർ ശെരിക്കും ഇന്നാട്ടുകാരെ ഉദ്ദേശിച്ചല്ല അല്ലെ ? ഹാവൂ …വലതുപക്ഷ വ്യതിയാനത്തിൽ നിന്നും നമ്മൾ മലയാളികൾ രക്ഷപ്പെട്ടു !

സത്യത്തിൽ ഞങ്ങൾ പറയാൻ വന്നത് മറ്റൊന്നാണ്. ഓസ്കാർ രോമാഞ്ചത്തിൽ അത്മുങ്ങിപ്പോയതാണ്. ​

​അമേരിക്കൻ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നു മറ്റ് ഇരുപത്തിയേഴു മേളകളും ഒന്നു പരിശോധിച്ചു നോക്കൂ. ​ ​എല്ലാത്തിലും തദ്ദേശീയ ചിത്രങ്ങൾക്ക് പ്രത്യേകം സംവരണം ഉണ്ട്. സ്വന്തം നാട്ടിലെ ചിത്രങ്ങളെ അവരെല്ലാം ആവോളം പരിപോഷിപ്പിക്കുന്നുമുണ്ട്. അതു പോലെ ഒരു സംവരണം “അവികസിതരും നിലവാരം ഇല്ലാത്തവരുമായ” ഞങ്ങൾക്ക് കൂടി തരണം​.

ഓസ്കാറിനൊന്നും കൊണ്ടു പോകണ്ട. പക്ഷേ നമ്മുടെ നാട്ടിലെ മേളയിലെങ്കിലും നേരെ ചൊവ്വേ ഒന്നു കാണിക്കാൻ കഴിയണം. അമ്പതും മുപ്പത്തിമൂന്നും ഒന്നും ഇല്ലെങ്കിലും ഒരു ഇരുപതു ശതമാനമെങ്കിലും തരണം. അത് എല്ലാ വിഭാഗത്തിലും വേണം. പ്രാദേശികവാദം തലയ്ക്കു പിടിച്ചതു കൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത് എന്നു കരുതിയാലും തെറ്റില്ല . ഞങ്ങളുടെ / ഇന്നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു കൂടിയാണല്ലോ ഈ മേളയൊക്കെ നടക്കുന്നത് . ​ ​

പിന്നെ ഇത്തവണ നിങ്ങൾ ചവിട്ടി പുറത്താക്കിയ 15 മിനിറ്റിൽ താഴെ യുള്ള ഡോക്യുമെന്ററികളെ കൂടി അടുത്തതവണ ഒന്നു പരിഗണിക്കണം, ഒരു പ്രത്യേക വിഭാഗമായിട്ടെങ്കിലും. ലോങ്ങ് എടുക്കാൻ കെല്പില്ലാത്തവരെ പുറത്താക്കുകയല്ലലോ വേണ്ടത്.

മേൽ പറഞ്ഞ ആവലാതികൾക്ക്‌ ( അതോ അലവലാതികൾക്കോ!) അടുത്ത യോഗത്തിൽ ഒരു പരിഹാരം ഉണ്ടാക്കണം എന്ന അപേക്ഷയോടെ , മേളക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ,

ഓസ്കാർ പ്രതീക്ഷകളോടെ,

കെ ആർ മനോജ്

ബാബു കാമ്പ്രത്ത്

ഷൈനി ജേക്കബ് ബെഞ്ചമിൻ

അനീസ് കെ മാപ്പിള

അശ്വിൻ കൃഷ്ണകുമാർ

ഷിജിത് വി പി

പ്രതാപ് ജോസഫ്

We use cookies to give you the best possible experience. Learn more