Advertisement
Entertainment
'സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എനിക്കെന്നും അത്ഭുതമാണ്'; ചര്‍ച്ചയായി ദേശീയ പുരസ്‌കാരം നേടിയ ശേഷമുള്ള മോഹന്‍ലാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 30, 05:23 pm
Thursday, 30th September 2021, 10:53 pm

വാനപ്രസ്ഥം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ സമയത്ത് ദൂരദര്‍ശന്‍ മോഹന്‍ലാലുമായി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. തോമസ് ടി. കുഞ്ഞുമ്മന്‍ സംവിധാനം ചെയ്ത ‘താരങ്ങളുടെ താരം’ എന്ന ഡോക്യുമെന്ററിയാണ് ശ്രദ്ധ നേടുന്നത്.ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി പുറത്തു വിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ ജനിച്ചു വളര്‍ന്ന വീടും, അദ്ദേഹത്തിന്റെ സ്‌കൂള്‍ ജീവിതവും, സ്‌കൂള്‍ നാടകങ്ങളുടെ വിശേഷവും, നാടകങ്ങളില്‍ മികച്ച നടനുള്ള സമ്മാനം നേടിയപ്പോഴുള്ള അനുഭവവും സിനിമാ പ്രവേശനത്തിന്റെ ആദ്യ കാലഘട്ടവും ചര്‍ച്ച ചെയ്താണ് ഡോക്യുമെന്ററിയിലേക്ക് കടക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ മണ്ണിലേക്കെത്തുന്നത്. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ സുരേഷ് ഗോപി-ബാലചന്ദ്രമേനോന്‍, മമ്മൂട്ടി എന്നിവര്‍ക്കായിരുന്നു ദേശീയ പുരസ്‌കാരം ലഭിച്ചത്.

‘ആദ്യത്തെ അവാര്‍ഡ് ലഭിച്ചത് കിരീടത്തിലാണ്. അത് സ്‌പെഷ്യല്‍ ജൂറി മെന്‍ഷനായിരുന്നു. ഇത്തവണ വാനപ്രസ്ഥത്തിന് മികച്ച സിനിമയുടെ നിര്‍മാതാവും മികച്ച നടനും എന്ന രീതിയില്‍ 2 അവാര്‍ഡുകള്‍ കിട്ടി.

ഞാന്‍ കാരണം മലയാളത്തിന് ഒരു ഹാട്രിക് ലഭിച്ചതില്‍ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്. ഈ അവാര്‍ഡിന് പിന്നില്‍ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

വാനപ്രസ്ഥത്തിന്റെ സംവിധായകനായ ഷാജി എന്‍ കരുണ്‍, വി.പി ധനഞ്ജയന്‍, ഫാസില്‍, സിബി മലയില്‍, എം.ടി. വാസുദേവന്‍ നായര്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, രാജീവ് നാഥ്, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയമികവിനെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്.

ടി.പി. ശാസ്തമംഗലമാണ് ഡോക്യുമെന്ററി സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. സംഗീതം ജോയ് തോട്ടാന്‍, പ്രൊഡക്ശന്‍ അസിസ്റ്റന്റ് ഹരി, വിവരണം സതീഷ് ചന്ദ്രന്‍.

നേരത്തെ ദൂരദര്‍ശന്‍ പുറത്തിറക്കിയ 20 വര്‍ഷം മുന്‍പേയുള്ള മമ്മൂട്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും ശ്രദ്ധ നേടിയിരുന്നു.