മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍’ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തോമസ് ടി. കുഞ്ഞുമോന്‍ ദൂരദര്‍ശന് വേണ്ടി ഒരുക്കിയ 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററിയാണ് നക്ഷത്രങ്ങളുടെ രാജകുമാരന്‍. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.
മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയുമാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. പിന്നീട് സിനിമയിലേക്കുള്ള കാല്‍വെയ്പുകളും സിനിമാ ജീവിതവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
നാട്ടുകാര്‍ക്കും കോളേജിലെ സുഹൃത്തുക്കള്‍ക്കും ജോലി ചെയ്ത കോടതിയിലെയും സിനിമയിലെയും സഹപ്രവര്‍ത്തകര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം മമ്മൂട്ടിയെന്ന വ്യക്തിയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയും പ്രേക്ഷകരെ കൊണ്ടു പോവുന്നുണ്ട് ഈ ഡോക്യുമെന്ററി.
തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണവും നടന്‍ തുറന്ന് പറയുന്നു. ‘മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു. തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല.
മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ ഒമര്‍ ഷെരീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കി. പിന്നീട് സുഹൃത്തുക്കളാണ് മുഹമ്മദ് കുട്ടിയെ ചുരുക്കി മമ്മൂട്ടിയാക്കുന്നത്. ഒടുവില്‍ തന്റെ പേര് അതായി മാറി’ മമ്മൂട്ടി പറയുന്നു.
എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ്, മോഹന്‍ലാല്‍ എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
കള്ളിക്കാട് രാമചന്ദ്രനാണ് ഡോക്യുമെന്ററിയുടെ തിരക്കഥ ഒരുക്കിയത്. സംഗീതം- മോഹന്‍സിത്താര, ഛായാഗ്രഹണം- ഡി. തങ്കരാജ്, വിവരണം- രവി വള്ളത്തോള്‍, എഡിറ്റ്ങ്- ശിവകുമാര്‍.