മുംബൈ: കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ശ്രദ്ധേയമായി അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന ടോക്ക് ഷോ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. അമീര്‍ ഖാന്റെ അവതരണത്തില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയ്ക്ക് പിന്നാലെ വിവാദങ്ങളുമുണ്ടായിരുന്നു. ആദ്യ എപ്പിസോഡിന് മുമ്പ് തന്നെ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പുതിയ വിവാദം അല്‍പ്പം കടുപ്പമാണ്. നാലാമത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച സംപ്രേഷണം ചെയ്ത നാലാമത്തെ എപ്പിസോഡില്‍ “ഓരോ ജീവനും വിലമതിക്കാനാകാത്തതാണ്” എന്ന തലക്കെട്ടില്‍ കൈകാര്യം ചെയ്തിരുന്ന വിഷയം ഡോക്ടര്‍മാരുടെ ചൂഷണത്തെക്കുറിച്ചായിരുന്നു. വിഷയാവതരണത്തില്‍ തങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരമാര്‍ശങ്ങള്‍ നടത്തിയെന്നും തെറ്റിദ്ധാരണ ജനിപ്പിക്കും വിധം സംസാരിച്ചുവെന്നുമാരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഡോക്ടര്‍മാര്‍ ചികിത്സ ലഭ്യമാക്കുന്നത് അമീര്‍ കാണുന്നില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.
ഡോക്ടമാരെ അധിക്ഷേപിച്ച അമീര്‍ പരസ്യമായി മാപ്പു പറയണമെന്നാണ് സംഘടനകളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് 21 മെഡിക്കല്‍ സ്ഥാപനങ്ങളുടെ സംഘടനയായ “മെഡ് സ്‌കേപ്പ് ഇന്ത്യ” രംഗത്തെത്തിയിട്ടുണ്ട്.
വിടാതെ പിടികൂടിയിരിക്കുന്ന വിവാദങ്ങള്‍ കാരണം പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സൈ്വര്യമില്ലാതായിരിക്കുകയാണ്. പരിപാടിയുടെ അവതരണ ഗാനം ഫിര്‍ ധൂം എന്ന തങ്ങളുടെ ആല്‍ബത്തിലെ ഗാനമാണെന്ന വാദവുമായി യൂഫോറിയ എന്ന ബാന്‍ഡ് രംഗത്തുവരികയും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തതായിരുന്നു ആദ്യവിവാദം. ഇതിനു പിന്നാലെ, തന്റെ “രാഖി കാ ഇന്‍സാഫി”ന്റെ ആശയം കോപ്പിയടിച്ചാണ് ആമിര്‍ സത്യമേവ ജയതേ ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് ബോളിവുഡ് നടി രാഖി സാവന്തും രംഗത്തെത്തി. ഈ പ്രശ്‌നങ്ങളൊക്കെ ഏതാണ്ടൊന്ന് അടങ്ങിയെന്ന സ്ഥിതിയിലെത്തിയപ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.