തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സമരത്തില്‍ ദുരിതത്തിലായി രോഗികള്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിപ്പിച്ചു പുറത്തിറക്കി. സമരത്തിന് അനുഭാവം പ്രഖ്യാപിച്ചുള്ള ഒരു മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുപ്പിക്കുന്നതിനായിരുന്നു ഇത്.
കടുത്തപനിയെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ സ്ത്രീ കരഞ്ഞു പറഞ്ഞിട്ടും ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. തുടര്‍ന്ന് ചികിത്സാലഭിക്കാതെ രോഗിയെ മടക്കിക്കൊണ്ടുപോകേണ്ടി വന്നു.
കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികള്‍ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ സമരത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കാത്തത് രോഗികളെ വലച്ചു.
അതേസമയം, പ്രതീകാത്മക സമരത്തിനുശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആരും ജോലിക്കെത്തിയിട്ടില്ല.
രാവിലെ മുതല്‍ ബുക്കിങ്ങിനായി വിളിക്കുന്നവരോട് ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കുന്നതിനും എം.ബി.ബി.എസുകാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് പരീക്ഷ കൊണ്ടു വരുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക്.
കേന്ദ്രസര്‍ക്കാരിന്റെ കമ്മീഷന്‍ ബില്ല് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ തകിടം മറിക്കുമെന്നാണ് ഐ.എം.എ ആരോപിക്കുന്നത്. നിര്‍ദിഷ്ട എന്‍.എം.സിയിലെ ഭൂരിപക്ഷം അംഗങ്ങളെയും സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാം. ഇതുമൂലം വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്ന ഗതികേടുണ്ടാകുമെന്നും ഐ.എം.എ വ്യക്തമാക്കി.