| Sunday, 16th June 2019, 6:02 pm

സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്; രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ ഒ.പി പ്രവര്‍ത്തിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ.എം.എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് സമരം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയായിരിക്കും പണിമുടക്ക്.

സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ ഒ.പി പ്രവര്‍ത്തിക്കില്ല. ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെ ഒ.പി മുടങ്ങും. മെഡിക്കല്‍ കോളേജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും.

അതേസമയം ആര്‍.സി.സിയില്‍ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ക്യാമറയ്ക്ക് മുന്നില്‍ വേണമെന്നും സ്ഥലം മമതയ്ക്ക് തീരുമാനിക്കാമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 10ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറായ മുകോപാധ്യായെ മര്‍ദ്ദിച്ചത്. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ ബംഗാളിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more