ഡോക്ടര്‍മാരുടെ പ്രതിഷേധം; രോഗികളുടേയും
അനുശ്രീ

കോഴിക്കോട്: ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്തെയും സാരമായി ബാധിച്ചു.

ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ ദേശിയ പണിമുടക്ക്.

അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്കുന്നതെങ്കിലും ഒ.പി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലാതെ രോഗികള്‍ വലയുകയാണ്.പലരും ദൂരസ്ഥലങ്ങളില്‍ നിന്നും ചികിത്സക്കെത്തിയവരാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെയാണ് ഒ.പി മുടക്കമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ ഒ.പി പ്രവര്‍ത്തിക്കില്ല. അത്യാഹിതമായി എത്തുന്നവര്‍ക്ക് മാത്രമാണ് ചികിത്സ.

കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു. എന്നാല്‍ സമരം ഒരിക്കലും രോഗികളെ ബുദ്ധിമുട്ടിലാക്കുകയെന്ന ഉദ്യേശത്തില്‍ അല്ലെന്നും അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ വേണ്ടിയാണെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ