ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ ഷോക്കേറ്റ് മരിച്ച രണ്ട് സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം നടുറോഡില്‍ വെച്ച് നടത്തി ഡോക്ടര്‍മാര്‍. ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗാന്ദ്ര പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.
മരണം സ്ഥിരീകരിക്കുന്നതിനായി പൊലീസാണ് ഇരുവരെയും ഹെല്‍ത്ത് സെന്ററിലെത്തിച്ചത്. എന്നാല്‍ മൃതദേഹങ്ങള്‍ മറ്റു രോഗികള്‍ കിടക്കുന്ന വാര്‍ഡില്‍ കൊണ്ടുപോയി വെക്കുകയാണ് ആശുപത്രി അധികൃതര്‍ ആദ്യം ചെയ്തത്. പിന്നീട് റോഡില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.
പ്രദേശത്ത് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി ഇല്ലാത്തതിനാല്‍ മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാനാണ് റോഡില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ റോഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ഇതാദ്യമായല്ലെന്നും നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.