‘ദാറ്റ് പേഷ്യന്റ് ഷുഡ് നോട്ട് ഡൈ ഡോക്ടര്‍…..’
ഡോക്ടര്‍ ജീവിതം തുടങ്ങിയ ശേഷം ഇങ്ങനെ ഒരു നിര്‍ദ്ദേശം ലഭിക്കുന്നത് ആദ്യമായാണ്. തങ്ങളുടെ ബന്ധുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നൊക്കെ കരഞ്ഞു അപേക്ഷിക്കുന്നവരുണ്ട്. പക്ഷേ ഇതൊരു ഓര്‍ഡറായിരുന്നു. ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കളക്ടറുടെ ഓര്‍ഡര്‍.
ചൈനയില്‍ നിന്ന് ആദ്യ രോഗികള്‍ കേരളത്തില്‍ എത്തിയപ്പോള്‍ പടി പടിയായി തുടങ്ങിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ചകിത്സാ നടപടികള്‍ കുറ്റമറ്റ ഐസൊലേഷന്‍ സംവിധാനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ ആ പാത അത്ര എളുപ്പമായിരുന്നില്ല.
മെഡിസിന്‍ എച് ഒ ഡി യുടെ മുറിയില്‍ വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാനുള്ള മീറ്റിംഗായിരുന്നു തുടക്കം. ഇന്‍ഫെക്ഷ്യസ് ഡിസീസസ് മേധാവി ഷീലാ മാഡം നോഡല്‍ ഓഫീസര്‍ ആകണമെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.
മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തന്റെ മുഴുവന്‍ സമയ സഹായിയായി വേണമെന്നത് മാഡത്തിന്റെ ഉപാധികളില്‍ ഒന്നായിരുന്നു. മാഡം മുന്നോട്ട് വെച്ച മൂന്നു പേരുകളില്‍ നറുക്കു വീണത് ശ്രീജിത്തിന്.
ഷീലാ മാഡം – ശ്രീജിത് കോംബിനേഷനേക്കാള്‍ നല്ലൊരു ടീം കോഴിക്കോട് മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സക്ക് തറക്കല്ലിടാന്‍ ലഭിക്കില്ലായിരുന്നു. അന്ന് കോവിഡ് കൊറോണയായിരുന്നു, ഊര്‍ജ്ജസ്വലരായ സീനിയര്‍ റെസിഡന്റ്മാരെ ഉള്‍പ്പെടുത്തി അവര്‍ ഉണ്ടാക്കിയ ടീമിനെ കോര്‍ ടീം കൊറോണ എന്നു വിളിച്ചു.
പക്ഷേ ഒത്തിരി കുടുംബ പ്രശ്‌നങ്ങള്‍ ഒന്നിച്ചു വന്നപ്പോള്‍ ഷീലാമാഡത്തിന് ശാരീരിക അകലം പാലിക്കേണ്ടി വന്നു. ഉത്തരവാദിത്തങ്ങള്‍ ശ്രീജിത്ത് ഒരു പരാതിയുമില്ലാതെ ഏറ്റെടുത്തു. കോര്‍ ടീം ദിവസവും മീറ്റിംഗ് കൂടി.
ഓരോ ദിവസത്തേയും പുരോഗതികള്‍ വിലയിരുത്തി. ഭാവി പ്ലാനുകള്‍ തയ്യാറാക്കി. താന്‍ വരക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും കൊടുക്കുന്ന അതേ പൂര്‍ണ്ണത ശ്രീജിത് തന്റെ കോവിഡ് ചികിത്സാ പദ്ധതികള്‍ക്കും നല്‍കി.
തരിശുഭൂമിയില്‍ കൃഷി ഇറക്കുന്ന ഒരു കര്‍ഷകന്റെ ആര്‍ജവമായിരുന്നു പിന്നെ. പരിമിതമായ വിഭവശേഷിയില്‍ നിന്ന് പൊന്ന് വിളയിപ്പിക്കുന്ന കര്‍ഷകന്‍. എണ്ണിയെടുത്ത പി പി ഇ കിറ്റുകള്‍, മാസ്‌കുകള്‍, ഹാന്റ് സാനിറ്റൈസറുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചും അനാവശ്യമുള്ളേടത്ത് ഒഴിവാക്കിയും നഴ്‌സുമാരേയും റെസിഡന്റ് ഡോക്ടര്‍മാരേയും സ്വയം അണുബാധയേല്‍ക്കുന്നതില്‍ നിന്ന് തടയാന്‍ ആയിരുന്നു ഊന്നല്‍.
അതോടൊപ്പം തന്നെ രോഗികള്‍ക്ക്, ആശുപത്രി അണുബാധയുടെ ഉറവിടമാകാതിരിക്കാനും. ഓരോ PPE കിറ്റ് കൊടുക്കുമ്പോഴും തന്റെ ഡയറിയില്‍ എണ്ണത്തില്‍ ഒന്ന് മൈനസ് ചെയ്തും അതേ എണ്ണം വൈകുന്നേരം ഗ്രാഫ് രൂപത്തില്‍ സ്റ്റാഫിനും അധികൃതര്‍ക്കും ഒരേ പോലെ അയച്ചുകൊടുത്തും കണക്കുകള്‍ എല്ലാവരേയും ഒരേ പോലെ ബോധവാന്‍മാരാക്കി.
ഇതേ കാര്യത്തിനായി രോഗീപരിശോധന, ഭക്ഷണം കൊടുക്കല്‍, ക്ലീനിംഗ്… എല്ലാത്തിലും നഴ്‌സുമാരോട് ചേര്‍ന്ന് ഒരു കോഴിക്കോട് മോഡലിന് രൂപം കൊടുത്തു. ഒരാഴ്ചകൊണ്ട് സാദാ പേ വാര്‍ഡ് മുറികള്‍ ഐഡിയല്‍ ഐസൊലേഷന്‍ മുറികളായി മാറിക്കഴിഞ്ഞിരുന്നു.
രോഗികളുടെ എണ്ണവും മാറി മാറി വരുന്ന ഗൈഡ് ലൈനുകളും സ്റ്റാഫുകളുടെ വിവിധ ആവശ്യങ്ങളും മുകളിലേക്ക് കൈമാറേണ്ട വിശദാംശങ്ങളും എല്ലാം കൂടി ആയപ്പോള്‍ ഒരു വ്യക്തിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു, ജോലിഭാരം.
ഒറ്റക്ക് വണ്ടി വലിക്കുന്ന കാളയുടെ ഇടത്തും വലത്തുമായി അക്വിലും ഞാനും ജോലിയില്‍ സഹായിച്ചു. അക്വില്‍ നിലവിലുള്ള ഐസൊലേഷന്‍ വാര്‍ഡിലേക്ക് ശ്രദ്ധിച്ചപ്പോള്‍ എനിക്ക് ബാക്കി വാര്‍ഡുകള്‍ ഐസൊലേഷനാക്കാനും പുതിയ ഐസിയുകള്‍ ഉണ്ടാക്കാനുമായിരുന്നു ചുമതല.
അങ്ങനെ നേതൃത്വം മൂന്നു പേരുടെ തുല്യ ഉത്തരവാദിത്തമായി. മൂന്ന് നോഡല്‍ ഓഫീസര്‍മാരായി. ഒരാള്‍ക്ക് വിശ്രമം അനുവദിച്ചു തുടങ്ങി. ബാക്കി രണ്ടു പേരില്‍ ഒരാള്‍ ഐസൊലേഷനുള്ളിലും ഒരാള്‍ പുറത്തുമായി പ്രവര്‍ത്തിച്ചു.
നല്ല കുറേ നാളുകള്‍. ജൂനിയര്‍ റെസിഡന്റു ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ചേര്‍ന്ന് പ്രശ്‌ന പരിഹാരങ്ങളില്‍ മുഴുകി. 24 മണിക്കൂറും നിലക്കാത്ത ഫോണ്‍ കാളുകള്‍. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും സംശയങ്ങള്‍, DSO യുടെയും DPM ന്റെയും നിര്‍ദ്ദേശങ്ങള്‍. ജില്ലാ കലക്ടറുടെ ശാസനകള്‍. നില്‍ക്കുന്നത് മെഡിക്കല്‍ കോളേജിലാണെങ്കിലും ജില്ല മുഴുവന്‍ ഓടി നടക്കുന്ന ഫീല്‍.
കോവിഡിനോടുള്ള ഭയവും കോവിഡ് കൊന്നൊടുക്കിയ ഡോക്ടര്‍മാരുടെ എണ്ണവുമൊക്കെ എന്നോ മറന്നു. N95 മാസ്‌കും മൂക്കിന്റെ പാലവും തമ്മില്‍ താദാത്മ്യത്തില്‍ എത്തിയ പോലെ കോവിഡും ഞങ്ങളും തമ്മില്‍ ഒരു ധാരണയിലെത്തിയ പോലെ.
രോഗികള്‍ക്കും നഴ്‌സിനും റെസിഡന്റ് ഡോക്ടര്‍ക്കും നോഡല്‍ ഓഫീസര്‍ക്കും എല്ലാം ഒരേ പൊതിച്ചോറു കൊടുക്കുന്ന പെര്‍ഫക്ട് സോഷ്യലിസം.
സമ്മര്‍ദ്ദം വല്ലാതെ കൂടി മനസ്സു തളരുന്നതായി തോന്നുമ്പോള്‍ കുറച്ച് കോഴിക്കോട്ടുകാര്‍ ഒരു ഓട്ടോയില്‍ ഇളനീരുമായി വരും, ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് ! ആരു തന്നു ആരു കൊടുത്തുവിട്ടു എന്നൊന്നുമില്ല, വെറുതേ കുറച്ച് ഇളനീര്‍, മനസ്സും ശരീരവും കുളിര്‍പ്പിക്കാന്‍. അല്ലെങ്കില്‍ ‘താങ്ക് യൂ ഫോര്‍ സേവിംഗ് ലൈഫ്’ എന്നെഴുതിയ പാക്കറ്റിലാക്കിയ കശുവണ്ടിയും ഉണക്കമുന്തിരിയും.
അല്ലെങ്കില്‍ ഐസൊലേഷനില്‍ നേരത്തേ കിടന്നു പോയ ഫൈസല്‍ ഒരു കവിത അയക്കും, റഷീദ് വിളിച്ച് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കും. സഞ്ചുളിന്റെ നന്ദി കലര്‍ന്ന മെസേജ് ഷീനാ സിസ്റ്റര്‍ ഫോര്‍വേര്‍ഡ് ചെയ്യും. വീണ്ടും റീചാര്‍ജ് ആയി ഡ്യൂട്ടിയിലേക്ക്.
ഏതാണ്ട് രാത്രി പതിനൊന്ന് മണിക്കാണ് കോഴിക്കോട്ടെ മിംമ്‌സ് ആശുപത്രിയിലെ ഒരു രോഗിക്ക് അവിടെ ചെയ്ത കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റണോ എന്ന ചര്‍ച്ചയും തുടങ്ങുന്നത്. കോവിഡ് ഹോസ്പിറ്റല്‍ ഇവിടെയായതുകൊണ്ട് തിയറി പ്രകാരം മാറ്റേണ്ടതാണ്.
രാത്രി പതിനൊന്നരക്ക് മാറ്റാന്‍ പോവുകയാണെന്ന് സന്ദേശം കിട്ടി. മിംസിലെ നോഡല്‍ ഓഫീസറുമായി സംസാരിച്ചു. അവര്‍ ആംബുലന്‍സ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞു. ഇവിടെ എല്ലാ സന്നാഹങ്ങളുമൊരുങ്ങി. 84 വയസ്സുണ്ട്.
വീണ് തുടയെല്ലൊടിഞ്ഞ് ഒരാഴ്ച മുന്‍പ് ശസ്ത്രക്രിയ നടത്തിയതാണ്. നേരത്തേ സ്‌ട്രോക്കും ഉണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ എളുപ്പമാവില്ല. ഐസൊലേഷന്‍ lCU തന്നെ വേണം. വെന്റിലേറ്റര്‍ വേണ്ടി വരും. എല്ലാം ഷബീര്‍ ബ്രദര്‍ ഏറ്റെടുത്തു.
ആറു മണിക്കൂര്‍ ഇടവിട്ട് ഡ്യൂട്ടി എടുക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സജ്ജം. ഞങ്ങള്‍ ആംബുലന്‍സും കാത്ത് ഐസൊലേഷന്‍ വാര്‍ഡിന്റെ പുറത്ത് കാത്തുനില്‍പ്പാണ്. നിന്ന് കാല്‍ വേദനിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും മരത്തിന് കീഴെ ഇരിപ്പായി. ഫോണ്‍ ബെല്ലടിക്കുന്നു, അറ്റത്ത് ജില്ലാ കലക്ടര്‍. ബഹുമാനം കൊണ്ട് നിലത്തു നിന്ന് ചാടി എണീറ്റു.
‘ ഡോക്ടര്‍, ഈ സമയത്ത് രോഗിയെ അങ്ങോട്ട് മാറ്റുന്നത് സേഫ് ആണോ?’
അല്ലെന്ന് പറഞ്ഞാല്‍ എനിക്ക് ഇവിടെ രോഗിയെ സ്വീകരിക്കാന്‍ മടിയായിട്ടാണെന്ന് തെറ്റിദ്ധരിക്കുമോ. എന്തായാലും ഇവിടെ ശാസ്ത്രീയമായി ചിന്തിച്ചേ പറ്റൂ.
‘സര്‍, ഇത്രയും പ്രായമുള്ള ഒരു രോഗിയെ ഇത്രയും പ്രശ്‌നങ്ങളും വെച്ച് ഷിഫ്റ്റ് ചെയ്യുന്നതില്‍ റിസ്‌ക് ഉണ്ട്’
‘എന്നാല്‍ ഉടന്‍ മിംസില്‍ വിളിച്ച് ഡിസ്ചാര്‍ജ് കാന്‍സല്‍ ചെയ്യാന്‍ പറയൂ ‘
മിംസില്‍ വിളിച്ചപ്പോള്‍ അവിടെ ഡിസ്ചാര്‍ജിന്റെ എല്ലാ ചടങ്ങുകളും കഴിഞ്ഞിരിക്കുന്നു.
കളക്ടറെ തിരിച്ചുവിളിച്ചു, ഈ കാര്യം അറിയിച്ചു.
‘ഡിസ്ചാര്‍ജ് കാന്‍സല്‍ ചെയ്യാന്‍ പറയൂ, ഡിസ്ട്രിക്റ്റ് കളക്ടറുടെ ഓര്‍ഡര്‍ ആണെന്ന് പറയൂ ‘
രോഗി അവിടെ തന്നെ തുടര്‍ന്നു. സമയം ഏതാണ്ട് രാത്രി 12.30. കളക്ടറുടെ കോണ്‍ഫറന്‍സ് കാള്‍. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, DMO, DSO, നോഡല്‍ ഓഫീസര്‍. അര മണിക്കൂര്‍ ചര്‍ച്ച. വിഷയം – രോഗിക്ക് ഏതാണ് നല്ലത്.
ഒടുക്കം രാവിലെ മെഡിക്കല്‍ ബോര്‍ഡ് കൂടി. രോഗിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു.
വീണ്ടും കലക്ടറുടെ വിളി
‘That patient should not die, doctor’
എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു. ഇതും ഒരു ജില്ലാ കളക്ടറുടെ ഓര്‍ഡറാണോ, അതോ തീരുമാനം ഒരാളുടെ ജീവന്‍ അപകടത്തിലാക്കുമോ എന്ന ചിന്ത ഉറക്കം കെടുത്തുന്ന ഒരു സാധാരണ മനുഷ്യന്റെ ആശങ്കയയോ?
‘നോക്കാം സര്‍, കഴിവിന്റെ പരമാവധി നോക്കാം സര്‍”
നോക്കി. കഴിവിന്റെ പരമാവധിയല്ല, അതിനേക്കാള്‍ കൂടുതല്‍. ഞാനല്ല. അവിടെ ജോലിയിലുണ്ടായിരുന്ന നഴ്‌സുമാര്‍. അബോധാവസ്ഥയിലുള്ള, കാലില്‍ ശസ്ത്രക്രിയ കഴിഞ്ഞ, ശ്വാസം മുട്ടുള്ള, ഓക്‌സിജന്റെ അളവ് കുറവുള്ള ഒരാളെ ശുശ്രൂഷിക്കുന്നതിനേക്കാള്‍ ശ്രമകരമായി ഒരു നഴ്‌സിന്റെ ജോലിയില്‍ ഒന്നും ഉണ്ടാവില്ല.
ട്യൂബിലൂടെ കഞ്ഞി കൊടുത്തും, പൊസിഷന്‍ മാറ്റിയും, മൂത്രത്തിന്റെ അളവു നോക്കിയും അവര്‍ പരിചരിച്ചു. ആ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച വൈറസിന്റെ സാന്നിദ്ധ്യം അവര്‍ മറന്നു. രോഗി ഒരു മുത്തച്ഛനായി, അവര്‍ അയാളുടെ പേരക്കുട്ടികളും. 24 മണിക്കൂറും അവരുടെ കൂടെ നിലകൊണ്ട ജൂനിയര്‍ റെസിഡന്റ് ഡോകടര്‍മാര്‍ എല്ലാ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി.
ഇന്നലെ ഞങ്ങളുടെ മുത്തച്ഛന്‍ ആശുപത്രി വിട്ടു. വരുമ്പോള്‍ കൊണ്ടുവന്ന വൈറസുകളെയൊക്കെ കളഞ്ഞ് വൃത്തിയാക്കി, വൈറസില്ലാത്ത ശരീരവുമായി.
ഞങ്ങള്‍ മൂന്നു പേരും നോഡല്‍ ഓഫീസര്‍ പോസ്റ്റില്‍ നിന്ന് പടിയിറങ്ങിയിട്ട് മൂന്നുനാള്‍ പിന്നിട്ടു. മുകളില്‍ നിന്നുള്ള ആജ്ഞകളും താഴെ നിന്നുള്ള അപേക്ഷകളും ഒരേ പോലെ ചെവികൊള്ളാനും നിറവേറ്റാനും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതില്‍ ബാക്കിയുള്ള ഒരേയൊരു ‘ഓര്‍ഡര്‍” ആയിരുന്നു – ‘He should not die’
വിട പറയും മുമ്പ് ആ ഓര്‍ഡറും ഞങ്ങള്‍ അനുസരിക്കുന്നു, അഭിമാനത്തോടെ.