| Thursday, 1st July 2021, 10:57 am

ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്; ഡോക്ടേഴ്‌സ് ദിനത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മള്‍ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ നിന്നും നമ്മെ കാക്കാനായി അവര്‍ നല്‍കുന്ന സേവനങ്ങളുടെ മഹത്വം വാക്കുകള്‍ക്ക് അതീതമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഡോക്ടര്‍മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയില്‍ രോഗത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന തളര്‍ച്ചകള്‍ വകവയ്ക്കാതെ അവര്‍ തങ്ങളുടെ ഉത്തരവാദിത്വവുമായി മുന്‍പോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഡോക്ടര്‍മാര്‍ക്കാവശ്യമായ പിന്തുന്ന നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിജീവനത്തിനായി നമ്മള്‍ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീര്‍ക്കുന്നത് ഡോക്ടര്‍മാര്‍ ആണെന്നത് മറന്നുകൂടാ.

ഈ ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ അവര്‍ക്കുള്ള പിന്തുണ ഉറപ്പുവരുത്തുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വര്‍ഷവും ജുലൈ ഒന്നിനാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ബിദന്‍ ചന്ദ്ര റോയിയുടെ ഓര്‍മ്മയ്ക്കായാണ് ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

അദ്ദേഹത്തിന്റെ ജന്മവാര്‍ഷികവും ചരമവാര്‍ഷികവും ജൂലൈ ഒന്നിനാണ് എന്ന പ്രത്യേകതയുമുണ്ട്. 1991ല്‍ കേന്ദ്ര സര്‍ക്കാര്‍ ജൂലൈ ഒന്നിന്
ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Doctors need to see to it that there are no behaviors or interventions that undermine morale; CM on Doctor’s Day

 
We use cookies to give you the best possible experience. Learn more