'നിന്നെ പോലെയുള്ള ഉഡായിപ്പുകള്‍ക്ക് ഉള്ളതല്ല ഇത്'; ഭിന്നശേഷിക്കാരനായ അധ്യാപകനോട് ഡോക്ടറുടെ മോശം പെരുമാറ്റം; കുറിപ്പ് ശ്രദ്ധനേടുന്നു
Kerala News
'നിന്നെ പോലെയുള്ള ഉഡായിപ്പുകള്‍ക്ക് ഉള്ളതല്ല ഇത്'; ഭിന്നശേഷിക്കാരനായ അധ്യാപകനോട് ഡോക്ടറുടെ മോശം പെരുമാറ്റം; കുറിപ്പ് ശ്രദ്ധനേടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2023, 3:33 pm

കൊല്ലം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി എത്തിയ അധ്യാപകനോടുള്ള ഡോക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു. റെയില്‍വേയുടെ അംഗപരിമിതര്‍ക്കുള്ള യാത്ര ഇളവിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി എത്തിയ അധ്യാപകനോടായിരുന്നു ഡോക്ടറുടെ മോശം പെരുമാറ്റം.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകനായ മുഹമ്മദ് ഇര്‍ഷാദ് ആണ് ദുരനുഭവത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ് സുഹൃത്തുക്കളെയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

സര്‍ട്ടിഫിക്കറ്റിനായി കൊല്ലം ആര്‍.എം.ഒ ഓഫീസില്‍ എത്തിയ തന്നോട് വായിക്കാന്‍ അറിയുമോയെന്നും നൂറു ശതമാനം ശാരീരിക വൈകല്യം ഉള്ളവര്‍ക്കുള്ളതാണ് ഇത് അല്ലാതെ തന്നെ പോലെയുള്ള ഉഡായിപ്പുകള്‍ക്ക് ഉള്ളതല്ലെന്നും ഡോക്ടര്‍ പറഞ്ഞെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വിവിധതരം അംഗപരിമിതര്‍ക്കായി റെയില്‍വേ യാത്രാ ഇളവുകള്‍ നല്‍കുന്നുണ്ട്. വരുമാന പരിധിയും വച്ചിട്ടില്ല. നൂറു ശതമാനം അംഗപരിമിതര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍ അത് റെയില്‍വേയോട് ചോദിക്കൂവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

തന്റെ മുന്നില്‍ എത്തുന്ന മനുഷ്യരോട് മുന്‍വിധിയില്ലാതെ പെരുമാറാനും അവര്‍ കീടങ്ങള്‍ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന നിയമപരിരക്ഷയെന്ന് മുഹമ്മദ് ഇര്‍ഷാദ് പറഞ്ഞു. ഇല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് ഈ നിയമം എന്ന് സമൂഹം തിരിച്ചു ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ് സുഹൃത്തുക്കളെ. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക ബിരുദവും, പതിമൂന്നു വര്‍ഷമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പഠിപ്പിക്കുന്ന എന്നോട് റയില്‍വെയുടെ അംഗപരിമിതര്‍ക്കുള്ള യാത്ര ഇളവിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൊല്ലം ആര്‍.എം.ഒ ഓഫീസില്‍ എത്തിയ ഡോക്ടറുടെ ( അജി…….) ആദ്യം ചോദ്യം. ‘തനിക്ക് വായിക്കാന്‍’ അറിയുമോ? നൂറു ശതമാനം ശാരീരിക വൈകല്യം ഉള്ളവര്‍ക്കുള്ളതാണ് ഇത് അല്ലാതെ തന്നെ പോലെയുള്ള ഉഡായിപ്പുകള്‍ക്ക് ഉള്ളതല്ല ഇതെന്നാണ് ആ മഹാനുഭവന്റെ നിഗമനം, ദൈവത്തിന് സ്തുതി ആ മഹാനുഭാവന്‍ ഒപ്പിട്ടു തന്നു. എന്നാല്‍ വിവിധതരം അംഗപരിമിതര്‍ക്കായി റെയില്‍വേ യാത്രാ ഇളവുകള്‍ നല്‍കുന്നുണ്ട്. വരുമാന പരിധിയും വെച്ചിട്ടില്ല. നൂറു ശതമാനം അംഗപരിമിതര്‍ എങ്ങനെ യാത്ര ചെയ്യും എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ അത് താന്‍ റെയില്‍വേയോട് ചോദിക്കൂ എന്നാണ് ആ മഹാനുഭാവന്‍ ഉരുവിട്ടത്.
തന്റെ മുന്നില്‍ എത്തുന്ന മനുഷ്യരോട് മുന്‍വിധിയില്ലാതെ പെരുമാറാനും അവര്‍ കീടങ്ങള്‍ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന നിയമപരിരക്ഷ. ഇല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് ഈ നിയമം എന്ന് സമൂഹം തിരിച്ചു ചോദിക്കും.

CONTENTHIGHLIGHT: Doctors misbehaviour with differently abled teacher; The note get attention