കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ സമരം; ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു
Medical strike
കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ സമരം; ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2018, 9:12 am

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐ.എം.എ പ്രഖ്യാപിച്ച മെഡിക്കല്‍ ബന്ദ് ആരംഭിച്ചു. രാവിലെ ആറുമണിക്ക് ആരംഭിച്ച മെഡിക്കല്‍ സമരം പല ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു.

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഡോക്ടര്‍മാരുടെ സമരം നടക്കുന്നത്. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഐ.എം.എയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍
രാവിലെ ഒമ്പത് മണി മുതല്‍ പത്ത് മണി വരെ ഒ.പി ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്‌സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കുന്നതിനും എം.ബി.ബി.എസുകാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് പരീക്ഷ കൊണ്ടു വരുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക്.

കേന്ദ്രസര്‍ക്കാരിന്റെ കമ്മീഷന്‍ ബില്ല് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ തകിടം മറിക്കുമെന്നാണ് ഐ.എം.എ ആരോപിക്കുന്നത്. നിര്‍ദിഷ്ട എന്‍.എം.സിയിലെ ഭൂരിപക്ഷം അംഗങ്ങളെയും സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാം. ഇതുമൂലം വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്ന ഗതികേടുണ്ടാകുമെന്നും ഐ.എം.എ വ്യക്തമാക്കി.