തിരുവനന്തപുരം: കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ അടുത്തമാസം ആറ് മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്‍മാറാനുള്ള സാധ്യതയും മങ്ങി. []
മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നും പിടിയിലായി പിന്നീട് പേരൂര്‍ക്കട മാനസികരോഗ ആശുപത്രിയില്‍ കൊല്ലപ്പെട്ട സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കുക, പേരൂര്‍ക്കട മാനസികരോഗാശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നത്.
സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സത്‌നാം സിങ്ങിന്റെ കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തില്‍ ഡോക്ടര്‍മാര്‍ നേരിട്ട് കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത് പ്രാഥമിക നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
സെപ്റ്റര്‍ ആറ് മുതല്‍ നിസ്സഹകരണസമരം ആരംഭിക്കുമെന്ന് കെ.ജി.എം.ഒ അറിയിച്ചു. സെപ്റ്റബര്‍ 20ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. ഒക്ടോബര്‍ 1 മുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക.
സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.