ജറുസലേം: ഇസ്രഈല്‍ ആക്രമണത്തിന് പിന്നാലെ കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്ക് നടുവില്‍ വാര്‍ത്താസമ്മേളനം നടത്തി ഗസ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ചൊവ്വാഴ്ച ഗസയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ
ബോംബാക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഫലസ്തീനിലെ ആരോഗ്യമന്ത്രാലയം അധികൃതര്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്ക് നടുവില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന്റെ തീവ്രത ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെ വാര്‍ത്താസമ്മേളനം വിളിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രഈല്‍ നടത്തിയത് ഒരു കൂട്ടക്കൊലയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സുമായി ബന്ധപ്പെട്ട ഡോക്ടര്‍ ഗസ്സന്‍ അബു സിത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഞങ്ങള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ശക്തമായ സ്ഫോടനം ഉണ്ടയത്. ഓപ്പറേഷന്‍ റൂമിന് മുകളില്‍ സീലിങ്ങ് ഇടിഞ്ഞുവീണു. ഈ സമയം മെഡിക്കല്‍ സ്റ്റാഫിലെ അംഗങ്ങള്‍ കിട്ടാവുന്ന കുഞ്ഞുങ്ങളെ കയ്യിലെടുത്ത് ഓടി രക്ഷപ്പെടുകയാണുണ്ടായത്,’ ഗസന്‍ അബു സിത്ത പറഞ്ഞു.
അതേസമയം, ഇസ്രഈല്‍ അക്രമണം നടത്തിയ അല്‍ അഹ്‌ലി ആശുപത്രിയില്‍ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ 80 ശതമാനവും തകര്‍ന്നിരുന്നു.
ഗസയില്‍ അഭയാര്‍ഥി ക്യാമ്പായും ഈ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു. വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. ഇവിടേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ ഇസ്രഈല്‍ ആക്രമണം അഴിച്ചുവിട്ടത്. 12 ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഏറ്റവും വലിയ ജീവനാശം സംഭവിച്ച ആക്രമണവും ഇതാണ്.
Content Highlight: Doctors in Gaza Hospital held a press conference in the middle of the piled up corpses