'ധീരത, മനോബലം, ത്യാഗം എല്ലാം ഈ ചിത്രത്തിലുണ്ട്'; ന്യൂയോര്‍ക്കിലേക്ക് സഹായവുമായി പുറപ്പെട്ട മെഡിക്കല്‍ സംഘത്തിന്റെ ചിത്രം പങ്കുവെച്ച് സൗത്ത് വെസ്റ്റ് എയര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
ന്യൂയോര്‍ക്ക്: കൊവിഡ് 19 ന്റെ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലേക്ക് സഹായവുമായി അറ്റ്‌ലാന്റയിലെ മെഡിക്കല്‍ സംഘം. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് അറ്റ്‌ലാന്റയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെള്ളിയാഴ്ച നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നു.
ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചിത്രം സൗത്ത് വെസ്റ്റ് എയര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മെഡിക്കല്‍ സംഘത്തിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
” നമ്മളില്‍ പലരും കൊവിഡ് 19 എന്ന മഹാമാരിയുടെ ഫലം അനുഭവിച്ചികൊണ്ടിരിക്കുമ്പോഴും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമുക്കാര്‍ക്കും തന്നെ അറിയില്ല. ഈ ധീരരായ പോരാളികള്‍ അതിഭീകരമായ അപകടസാധ്യതകള്‍ക്കിടയില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുകയാണ്.
ഒരു ഇരുണ്ട കാലത്തിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്ന സമയത്ത് അവരുടെ നിസ്വാര്‍ത്ഥ ത്യാഗം വെളിച്ചമാണ്. എത്ര നന്ദി പറഞ്ഞാലും അഭിനന്ദിച്ചാലും മതിവരില്ല” ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സൗത്ത് വെസ്റ്റ് എയര്‍ കുറിച്ചു.
‘ഇവരുടെ ധീരത കാരണമാണ് നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും പൊരുതിക്കൊണ്ടിരിക്കാന്‍ അവസരം ലഭിക്കുന്നത്,” കുറിപ്പില്‍ പറയുന്നു.
‘ഈ ചിത്രത്തില്‍ എല്ലാം ഉണ്ട്, ധീരത, മനോബലം, ത്യാഗം അങ്ങനെയെല്ലാം. ഇത് എളുപ്പമുള്ളതായിരുന്നെങ്കില്‍ എല്ലാവരും ചെയ്യുമായിരുന്നു, പക്ഷേ നമുക്കറിയാം ഇതങ്ങനെയല്ല എന്ന്. ഈ സംഘവും എണ്ണമറ്റ മറ്റ് മനുഷ്യരും ഇത് ദിവസേന ചെയ്യുന്നുണ്ട്. ഞങ്ങള്‍ എന്നും നന്ദിയുള്ളവരും കടപ്പെട്ടവരുമായിരിക്കും” സൗത്ത് വെസ്റ്റ് എയര്‍ കുറിച്ചു.
” ഞങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആദ്യം പ്രതികരിച്ച മെഡിക്കല്‍ പ്രൊഫഷണലുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇന്നും എല്ലാദിവസങ്ങളിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മറ്റുള്ള എല്ലാവര്‍ക്കും നന്ദി” സൗത്ത് വെസ്റ്റ് എയര്‍ കുറിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍സ് സൗത്ത് വെസ്റ്റ് എയര്‍.
കൊവിഡ് അതിഭീകരമായി ബാധിച്ച സിറ്റികളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ഡോക്ടര്‍മാരുടെ ചിത്രം സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
ഇറ്റലിയിലേക്ക് മെഡിക്കല്‍ സഹായം നല്‍കാന്‍ പോയ ക്യൂബന്‍ സംഘത്തിനും വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.