രോഗി അക്രമാസക്തനായാല്‍ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിക്കാം; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വിജ്ഞാപനം
national news
രോഗി അക്രമാസക്തനായാല്‍ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിക്കാം; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വിജ്ഞാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2023, 11:56 am

ന്യൂദല്‍ഹി: രോഗികളോ ബന്ധുക്കളോ അക്രമാസക്തരായാല്‍ ഡോക്ടര്‍മാര്‍ക്ക് ചികിത്സ നിഷേധിക്കാമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഡോക്ടര്‍മാരുടെ ഔദ്യോഗിക പെരുമാറ്റ ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തടയുന്നത് ലക്ഷ്യമിട്ടാണിത്.

‘രോഗിയോ ബന്ധുവോ അക്രമാസക്തമായോ അധിക്ഷേപകരമായോ പെരുമാറിയാല്‍ ആര്‍.എം.പി (രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടിഷണേര്‍സ്) ഇവ രേഖപ്പെടുത്തുകയും പെരുമാറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ഇത്തരം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാം,’ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ആര്‍.എം.പിയുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടത്തില്‍ പറയുന്നു. ഇത്തരം രോഗികളെ തുടര്‍ ചികിത്സക്കായി മറ്റെവിടേക്കെങ്കിലും റെഫര്‍ ചെയ്യുകയും വേണം.

രോഗിയുടെ ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ ആരെ ചികിത്സിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഡോക്ടര്‍മാര്‍ക്കുണ്ടെന്നും ഇതില്‍ പറയുന്നു. ചികിത്സിച്ച് തുടങ്ങിയ ശേഷം രോഗിക്കോ കുടുംബത്തിനോ മതിയായ വിവരങ്ങള്‍ നല്‍കാതെ ചികിത്സയില്‍ നിന്നും പിന്‍മാറാന്‍ പാടില്ല. മറ്റേതെങ്കിലും ഡോക്ടറുടെ ചികിത്സക്കായി രോഗിയെ മാറ്റണമെങ്കില്‍ രോഗിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സമ്മതം വാങ്ങണമെന്നും ഇതില്‍ പറയുന്നുണ്ട്.

ആഗസ്റ്റ് രണ്ടിന് എന്‍.എം.സി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഏതെങ്കിലും മരുന്ന് ബ്രാന്‍ഡുകള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ അംഗീകരിക്കുന്നതില്‍ നിന്നും പരസ്യം ചെയ്യുന്നതില്‍ നിന്നും ഡോക്ടര്‍മാരെ വിലക്കുന്നുണ്ട്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രോക്ടീഷണര്‍മാരും അവരുടെ കുടുംബങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നോ, അവരുടെ പ്രതിനിധികളില്‍ നിന്നോ, മെഡിക്കല്‍ ഡിവൈസ് കമ്പനികളില്‍ നിന്നോ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്‌പോണ്‍സര്‍ഷിപ്പോടെ നടക്കുന്ന സെമിനാര്‍, ശില്‍പ ശാലകള്‍, സിമ്പോസിയം തുടങ്ങിയവയില്‍ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രോക്ടീഷണര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഇതില്‍ പറയുന്നുണ്ട്.

രോഗിക്ക് ചികിത്സ നല്‍കുന്നതിന് മുന്‍പ് കണ്‍സല്‍റ്റേഷന്‍ ഫീസ് രോഗികളെ അറിയിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. ‘രോഗി ചികിത്സാ ഫീസ് അടച്ചില്ലെങ്കില്‍ ചികിത്സിക്കണോ, വേണ്ടയോ എന്നത് രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രോക്ടീഷണര്‍മാര്‍ക്ക് തീരുമാനിക്കാം. എന്നാലിത് സര്‍ക്കാര്‍ സേവനത്തിലോ അടിയന്തിര സാഹചര്യങ്ങളിലോ ബാധകമല്ല. രോഗിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു വരുത്തണം,’ ചട്ടത്തില്‍ പറയുന്നു.

 

Content Highlighs: Doctors can refuse treatment to violent patient: nmc