ചങ്ങനാശ്ശേരി: ദുരന്തമുഖത്ത് മുഴുവന്‍ സമയം സേവനം ലഭ്യമാക്കുന്നവരില്‍ ഒരു സംഘം ഡോക്ടര്‍മാരും. രക്ഷാപ്രവര്‍ത്തകര്‍ക്കും, ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സന്നദ്ധസേവകര്‍ക്കുമൊപ്പം കഴിഞ്ഞ ആറു ദിവസങ്ങളായി പ്രളയബാധിത പ്രദേശത്ത് ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ഡോക്ടര്‍മാരുടെ സംഘം.
ദിവസേന നൂറിലധികം രോഗികളെ ചികിത്സിയ്ക്കുന്നുണ്ടെന്ന് ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സേവനമനുഷ്ഠിയ്ക്കുന്ന ഡോ. അരുണ്‍ സി ദാസ് പറയുന്നു. അടുത്ത ബന്ധുക്കളില്‍ പലര്‍ക്കും വെള്ളപ്പൊക്കക്കെടുതി അനുഭവിക്കേണ്ടി വന്നപ്പോഴും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയായിരുന്നു കോട്ടയം മടപ്പള്ളിയിലെ ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ അരുണ്‍.
ചങ്ങനാശ്ശേരി ക്യാമ്പില്‍ അരുണ്‍ അടക്കം നാലു ഡോക്ടര്‍മാരാണുള്ളത്. ഷിഫ്റ്റുകളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇവരെല്ലാം തന്നെ ഇപ്പോള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. പത്തൊന്‍പതാം തീയതി നടക്കേണ്ടിയിരുന്ന തന്റെ വിവാഹം പോലും മാറ്റിവച്ചാണ് ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അരുണ്‍ പറയുന്നു.
ക്യാമ്പിലെത്തുന്നവരില്‍ മിക്ക പേര്‍ക്കും തങ്ങള്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ പേരു പോലും ഓര്‍മയില്ല. ആരുടെ പക്കലും കുറിപ്പടികളുമില്ല. എങ്കിലും തങ്ങളാലാവുന്ന വിധത്തില്‍ എല്ലാവരുടെയും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.
വെള്ളമിറങ്ങിക്കഴിഞ്ഞാലാണ് യഥാര്‍ത്ഥ വെല്ലുവിളി നേരിടേണ്ടി വരികയെന്നാണ് ഇവരുടെ പക്ഷം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെയധികമാണെന്നും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
കണ്ണൂരിലെ പുളിങ്ങോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഷിനു ശ്യാമളനുംഭര്‍ത്താവും കൊരട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ആര്‍.എം.ഒയുമായ രാഹുല്‍ കെ.കെയും ക്യാമ്പുകളില്‍ സേവനത്തിനായി എത്തിയിരുന്നു.
തൃശൂരിലുള്ള തിരൂര്‍, വിയൂര്‍, മുളങ്കുന്നത്ത് എന്നിവിടങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ” ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങളും ചികിത്സയും നല്‍കുന്നുണ്ട്” എന്ന് ഷിനു ശ്യാമളന്‍ പറഞ്ഞു.
“ആളുകള്‍ ഒരുപാട് നേരം വെള്ളത്തില്‍ നിന്നതുകൊണ്ട് വളംകടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ക്ലോട്‌റി മസോള്‍ എന്ന ക്രീമാണ് വളംകടിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. ഇത് എല്ലാ ക്യാമ്പുകളിലും വളരെ അത്യാവശ്യമാണ്. പിന്നെ ആന്റിബയോട്ടിക്കായ ഡോക്‌സി സൈക്ലിന്‍ ആവശ്യമുണ്ട്. ഇത് എലിപ്പനി വരാതിരിക്കാന്‍ സഹായിക്കും.” ഷിനു പറയുന്നു.
ദുരന്തസമയത്ത് ദുരിതബാധിതരുടെ ആരോഗ്യ സംരക്ഷണത്തിന് എത്തിയവരില്‍ ഇതരസംസ്ഥാനക്കാരായ പി.ജി ഡോക്ടര്‍മാരുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പഠനത്തിനായി തൃശൂരില്‍ എത്തിയ പി.ജി ഡോക്ടര്‍മാരാണ് സേവന സന്നദ്ധരായി തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്.
സേവന സന്നദ്ധത അറിയിച്ച് ഇവര്‍ കലക്ടറെ കാണുകയും അനുമതി തേടുകയുമായിരുന്നു.
പ്രളയത്തിന്റെ സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ മുന്നില്‍ കണ്ടുള്ള നടപടികള്‍ ആരോഗ്യ വകുപ്പും സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥികളുടെയും നഴ്‌സിങ് വിദ്യാര്‍ഥികളുടെയും സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറക്കും. ഇവിടെ നിന്നുള്ള നിര്‍ദേശപ്രകാരമായിരിക്കും മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. പ്രളയബാധിത മേഖലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് പടരുന്നത് തടയാന്‍ താലൂക്ക് ആശുപത്രി തലത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിലീഫ് ക്യാമ്പുകളില്‍ കഴിയുന്ന ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍ക്ക് ബന്ധപ്പെട്ട ആശുപത്രികളില്‍ ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.