പണത്തിന് വേണ്ടി 2200 ദലിത് സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു, പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടിച്ച് പൊലീസ് ; നീതിയ്ക്ക് വേണ്ടി തെരുവിലിറങ്ങി ആയിരങ്ങള്‍
India
പണത്തിന് വേണ്ടി 2200 ദലിത് സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു, പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടിച്ച് പൊലീസ് ; നീതിയ്ക്ക് വേണ്ടി തെരുവിലിറങ്ങി ആയിരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2017, 10:57 pm

ബംഗലൂരു: പണത്തിന് വേണ്ടിയുള്ള ഡോക്ടര്‍മാരുടെ ക്രൂരതയ്ക്ക് പാത്രമായി ദളിത് സ്ത്രീകള്‍. നാല് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന റാക്കറ്റ് നീക്കം ചെയ്തത് 2200 ദലിത് സ്ത്രീകളുടെ ഗര്‍ഭപാത്രം. കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഡോക്ടര്‍മാരുടെ കിരാതത്വം അരങ്ങേറിയത്.


Also Read: സ്‌കോര്‍ 300*, നേടിയത് ഒരു ടീമല്ല ഒരാള്‍ ഒറ്റയ്ക്ക് : ട്വന്റി-20 യില്‍ ട്രിപ്പിളടിച്ച് ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് ഇന്ത്യന്‍ താരം


ചെറിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തിയ ദലിത് സ്ത്രീകളോട് ഗര്‍ഭ പാത്രത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് ശസ്ത്രക്രീയയ്ക്ക് വിധേയരാക്കുകയായിരുന്നു. 2015 ആഗസ്റ്റില്‍ റാക്കറ്റിലെ ആശുപത്രികള്‍ക്കെതിരെ ആരോപണം ഉയരുകയും തുടര്‍ നടപടികള്‍ ഉണ്ടാകുകയും ചെയ്തതാണ്.

ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നാല് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഉത്തരവ് മറികടന്ന് ഇന്നും അവ പ്രവര്‍ത്തിച്ച് വരികയാണ്. വയറുവേദന, നടുവേദന തുടങ്ങിയ രോഗങ്ങളുമായി ആശുപത്രിയിലെത്തിയവരെയാണ് ശസ്ത്രക്രീയയക്ക് വിധേരാക്കിയത് എന്നാണ് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഗര്‍ഭ പാത്രമെടുത്ത് കളഞ്ഞില്ലെങ്കില്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ശസ്ത്രക്രീയ നടത്തിയവരില്‍ 50 ശതമാനം പേരും 40 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ആശുപത്രികള്‍ നടത്തിയതെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്.

ആയിരക്കണക്കിന് വനിതകളും സാമൂഹ്യ പ്രവര്‍ത്തകരുമാണ് വിഷയമുന്നയിച്ച് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായെത്തിയത്. ആശുപത്രി അധികൃതര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ നടപടിയെടുക്കാന്‍ പൊലീസ് വൈമുഖ്യം കാണിക്കുന്നതിന് എതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമുണ്ട്. കര്‍ണ്ണാടകയിലെ ആള്‍ട്ടര്‍നേറ്റീവ് ലോ ഫോറം, വിമോചന, സ്വരാജ് അഭിയാന്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.