എല്ലാ രാഷ്ട്രീയക്കാരും സര്‍ജറിക്കായി ആയുര്‍വേദ ഡോക്ടര്‍മാരുടെ അടുത്തേ പോകാവൂ എന്നു കൂടി ഉത്തരവിറക്കാമോ; കേന്ദ്ര സര്‍ക്കാരിനെതിരെ ഡോക്ടര്‍മാര്‍
national news
എല്ലാ രാഷ്ട്രീയക്കാരും സര്‍ജറിക്കായി ആയുര്‍വേദ ഡോക്ടര്‍മാരുടെ അടുത്തേ പോകാവൂ എന്നു കൂടി ഉത്തരവിറക്കാമോ; കേന്ദ്ര സര്‍ക്കാരിനെതിരെ ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 7:34 pm

ന്യൂദല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാനുള്ള അനുമതി നല്‍കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. ഈ അനുമതി പ്രാബല്യത്തില്‍ വന്നാല്‍ ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ ശസ്ത്രക്രിയക്കായി ആയുര്‍വേദ ഡോക്ടര്‍മാരുടെ അടുത്ത് മാത്രം പോകാന്‍ തയ്യാറാകുമോയെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ ചോദിക്കുന്നു.

‘ബി.എം.എസ്, ബി.ഐ.എം.എസ് ഡോക്ടര്‍മാരെ ശസ്ത്രക്രിയ ചെയ്യാന്‍ അനുവദിക്കുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെല്ലാം ആശങ്കയിലാണ്. ആധുനിക വൈദ്യശാസ്ത്രം മികച്ച പരിശീലനമാണ് നല്‍കുന്നത്. അതുകൊണ്ടാണ് ലോകം മുഴുവന്‍ ഈ വൈദ്യശാസ്ത്രശാഖയെ അംഗീകരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാരും, അത് ചെറിയവരോ വലിയവരോ ആരുമാകട്ടെ, ആയുര്‍വേദ ഡോക്ടര്‍മാരെ മാത്രമേ ശസ്ത്രക്രിയക്കായി ആശ്രയിക്കാവൂ. അത് ആദ്യം ചെയ്യൂ, അല്ലാതെ ജനങ്ങളെ ഗിനിപ്പന്നികളാക്കുകയല്ല വേണ്ടത്.

എല്ലാ അറിവുമുള്ളവരാണല്ലോ നിങ്ങള്‍, പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരാണല്ലോ നിങ്ങള്‍. പ്രധാനമന്ത്രിയോടും കേന്ദ്ര ആരോഗ്യമന്ത്രിയോടും ഒരൊറ്റ അപേക്ഷയേ ഉള്ളൂ, എല്ലാ രാഷ്ട്രീയക്കാരും ശസ്ത്രക്രിയക്കായി ആയുര്‍വേദ ഡോക്ടര്‍മാരുടെ അടുത്തേ പോകാവൂ എന്നു കൂടി ആ ഉത്തരവില്‍ എഴുതിച്ചേര്‍ക്കണം.’ ദല്‍ഹി ഗൈനക്കോളജിസ്റ്റ്‌സ് ഫോറം സെക്രട്ടറി ജനറല്‍ ഡോ.ശാരദ ജെയ്‌നാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ നിരവധി വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന ഉത്തരവ് വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.പി.ടി സക്കറിയാസ് പറഞ്ഞിരുന്നു. പുതിയ നിര്‍ദേശം ആയുര്‍വേദത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഡോക്ടര്‍മാരുടെ വിവിധ സംഘടനകളും സമരത്തിന്റെ ഭാഗമായിട്ടുണ്ട്.

Content Highlight: Doctors against BJP Central govt allowing Ayurvedic doctors to practice surgery