തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ ആര്‍പ്പു വിളികളും ആരവവുമായി സജീവമാവാനൊരുങ്ങുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ഡോക്ടര്‍ എന്ന തമിഴ് ചിത്രമാവും ആദ്യം പ്രദര്‍ശനത്തിനെത്തുക.
ഒക്ടോബര്‍ 29 മുതലാണ് മലയാള സിനിമകള്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ആബാം മൂവീസിന്റെ ‘സ്റ്റാറും’ വിനോദ് ഗുരുവായൂരിന്റെ ‘മിഷന്‍ സി’യുമാണ് 29ന് തിയേറ്ററുകളിലേക്കെത്തുക.
ജോജു ജോര്‍ജാണ് സ്റ്റാറില്‍ നായകനായെത്തുന്നത്. അപ്പാനി ശരത്ത്, മീനീക്ഷി എന്നിവരാണ് മിഷന്‍ സിയിലെ പ്രധാന കഥാപാത്രങ്ങള്‍.
അതേസമയം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസിംഗ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാല്‍ നായകനാവുന്ന ‘ആറാട്ട്’, ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടി നായനാവുന്ന ‘ഭീഷ്മപര്‍വം’, ‘പുഴു’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും റിലീസ് പ്രഖ്യാപിക്കാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. പുഴു ഡിസംബറില്‍ ക്രിസ്മസ് റിലീസായി പുറത്തിറങ്ങുമെന്നാണ് സൂചനകള്‍.
ആന്റണി വര്‍ഗീസ് നായകനാവുന്ന ‘അജഗജാന്തരം’ ഈയാഴ്ച തിയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിലെ ‘ഏളുള്ളേരെ’ എന്ന തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘ഒറ്റ്’, ബിജു മേനോന്‍-മഞ്ജു വാര്യര്‍ ചിത്രം ‘ലളിതം സുന്ദരം’, ജോജു ജോര്‍ജിന്റെ ‘പീസ്’ തുടങ്ങിയ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്.